കണ്ണൂര്‍: സംരംഭക വര്‍ഷം പദ്ധതിയിലൂടെ മലബാര്‍ മേഖലയില്‍ 2300 കോടി രൂപയിലധികം നിക്ഷേപമെത്തിയെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മട്ടന്നൂര്‍ വ്യവസായ പാര്‍ക്കില്‍ 500 ഏക്കറിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. അടുത്ത 500 ഏക്കറിലേക്ക് കൂടി വ്യാപിപ്പിക്കും. പാലക്കാട് മാതൃകയില്‍ മാളുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, എന്നിവയടങ്ങുന്ന സ്മാര്‍ട്ട് വ്യവസായ പാര്‍ക്കാണ് മട്ടന്നൂരില്‍ ഉദ്ദേശിക്കുന്നത്.
കെ വി സുമേഷ് എം.എല്‍.എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍വസ്റ്റ് കേരള ഉച്ചകോടിയെക്കുറിച്ചും സംസ്ഥാന വ്യവസായവകുപ്പിന്റെ പുതിയ ഉദ്യമങ്ങളെക്കുറിച്ച് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിശദീകരിച്ചു.
കേരളത്തിലെ വ്യവസായങ്ങള്‍ക്ക് നികുതി ഇളവിലധികം അടിസ്ഥാന സൗകര്യങ്ങളാണ് വേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എസ്.ഐ.ഡി.സി ഡയറക്ടറും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് എംഡിയുമായ പി.കെ.മായന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. മലബാറിലെ വ്യവസായ ആവാസവ്യവസ്ഥ എന്ന വിഷയത്തില്‍ പ്രമുഖ വ്യവസായിയും വി.കെ.സി ഗ്രൂപ്പ് എം.ഡിയുമായ വി.കെ.സി റസാഖ് സംസാരിച്ചു.
മലബാറിലെ പുതിയ പദ്ധതികള്‍
കാസര്‍കോട്ട് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 100 ഏക്കര്‍ ഭൂമിയില്‍ വ്യവസായപാര്‍ക്ക്
കാഞ്ഞങ്ങാട് വ്യവസായപാര്‍ക്ക്, ചീമേനി ഐ ടി പാര്‍ക്ക് എന്നിവയും പുരോഗമിക്കുന്നു
മലബാറിലെ നാല് ജില്ലകളില്‍ നാല് വ്യവസായ പാര്‍ക്കുകള്‍
ചെറുപ്പക്കാരുടെ നൈപുണ്യ ശേഷി ഉപയോഗിക്കണം
കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാകണമെന്ന് പി.രാജീവ് പറഞ്ഞു.