മുംബൈ: ആഗോള ഡിജിറ്റൽ പേയ്‌മെന്റ് ഗേറ്റ്‌വേ ഇൻഫ്രാസ്ട്രക്ചർ വിപണി പിടിച്ചടക്കുന്നതിനായി അതിന്റെ അന്താരാഷ്ട്ര ബിസിനസ്സ് ഏകീകരിക്കുന്നതായി പ്രഖ്യാപിച്ച് ഇൻഫിബീം അവന്യൂസ്. ഫിൻടെക് കമ്പനിയുടെ ഡയറക്ടർ ബോർഡ് അന്താരാഷ്ട്ര ബിസിനസിന്റെ ഏകീകരണത്തിന് അംഗീകാരം നൽകി.
കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള മൂന്ന് അന്താരാഷ്‌ട്ര ഉപസ്ഥാപനങ്ങളായ ഇൻഫിബീം അവന്യൂസ് ഓസ്‌ട്രേലിയ (ഓസ്‌ട്രേലിയൻ മാർക്കറ്റ്), എഐ ഫിൻടെക് ഇൻക്, ഇൻഫിബീം അവന്യൂസ് സൗദി അറേബ്യ ഫോർ ഇൻഫർമേഷൻ സിസ്റ്റംസ് ടെക്‌നോളജി എന്നിവയെ എകികരിക്കുന്നതിനാണ് ബോർഡിൻറെ അനുമതി ലഭിച്ചതെന്ന് ഇൻഫിബീം അവന്യൂസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് ഗേറ്റ്‌വേ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡറായ ഇൻഫിബീം അവന്യൂസ് അതിന്റെ മുൻനിര ബ്രാൻഡായ സിസിഅവന്യൂ വഴി ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലെ ഒരു പ്രമുഖ ആഗോള കമ്പനിയാകാൻ പദ്ധതിയിടുന്നു. നിലവിൽ, ഇൻഫിബീം അവന്യൂസിന്റെ മൊത്തം വരുമാനത്തിലേക്ക് അന്താരാഷ്ട്ര ബിസിനസ്സ് 6 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്.
ആഗോള വിപണികളുടെ കാര്യമെടുത്താൽ യുഎഇയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്റ് അഗ്രഗേറ്ററാണ് ഇൻഫിബീം അവന്യൂസ്. ഡിജിറ്റൽ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചറിനായി അന്താരാഷ്ട്ര വിപണിയുടെ ഉയർന്നുവരുന്ന സാധ്യതകൾക്കും ആവശ്യകതകൾക്കും അനുസൃതമായി, ഒരു ആഗോള ഫിൻടെക് & പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാകാനുള്ള തങ്ങളുടെ പരിശ്രമത്തിലെ നിർണായക ചുവടുവെപ്പാണ് ഈ അന്താരാഷ്ട്ര ബിസിനസ്സിന്റെ ഏകീകരണമെന്ന് ഇൻഫിബീം അവന്യൂസ് മാനേജിംഗ് ഡയറക്ടർ വിശാൽ മേത്ത പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ്, ഇ-കൊമേഴ്‌സ് ടെക്‌നോളജി പ്ലാറ്റ്‌ഫോം കമ്പനിയാണ് ഇൻഫിബീം അവന്യൂസ്. കൂടാതെ ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകൾ, ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന വെബ് സേവനങ്ങളുടെ സമഗ്രമായ സ്യൂട്ട് കമ്പനി വാഗ്‌ദാനം ചെയ്യുന്നു.