കൊച്ചി: ദേശീയതലത്തിൽ കഴിഞ്ഞമാസം ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുത്തനെ താഴ്‌ന്നെങ്കിലും റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിക്കുള്ളിലേക്ക് കടക്കാനായില്ല.
സെപ്തംബറിലെ 7.41 ശതമാനത്തിൽ നിന്ന് 6.77 ശതമാനത്തിലേക്കാണ് ഒക്‌ടോബറിൽ റീട്ടെയിൽ നാണയപ്പെരുപ്പം താഴ്‌ന്നത്.
റീട്ടെയിൽ നാണയപ്പെരുപ്പം 4-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. 4 ശതമാനത്തിൽ നിയന്ത്രിക്കണമെന്നാണ് കേന്ദ്രസർക്കാർ റിസർവ് ബാങ്കിന് നൽകിയിട്ടുള്ള നിർദേശം.
2022ൽ ഇതുവരെ ഈ ലക്ഷ്യം നേടാൻ റിസർവ് ബാങ്കിന് കഴിഞ്ഞിട്ടില്ല. റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ 47 ശതമാനം പങ്കുവഹിക്കുന്ന ഭക്ഷ്യവിലപ്പെരുപ്പം സെപ്തംബറിലെ 8.6 ശതമാനത്തിൽ നിന്ന് 7.01 ശതമാനത്തിലേക്ക് താഴ്‌ന്നതാണ് കഴിഞ്ഞമാസം ആശ്വാസമായത്.
കേരളത്തിൽ 6.28%
വിലക്കയറ്റം ഏറ്റവും കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലൊന്നെന്ന പട്ടം നിലനിറുത്താൻ കേരളത്തിനായില്ല. സെപ്തംബറിലെ 6.45 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം 6.28 ശതമാനത്തിലേക്ക് കേരളത്തിൽ റീട്ടെയിൽ നാണയപ്പെരുപ്പം കുറഞ്ഞെങ്കിലും ദേശീയതലത്തിലെ നിയന്ത്രണപരിധിയായ 6 ശതമാനത്തിനുമേൽ തുടരുകയാണ്.
ജൂണിൽ 5.41 ശതമാനം, ജൂലായിൽ 5.36 ശതമാനം, ആഗസ്‌റ്റിൽ 5.73 ശതമാനം എന്നിങ്ങനെയായിരുന്നു കേരളത്തിലെ നാണയപ്പെരുപ്പം.
നാണയപ്പെരുപ്പം നിയന്ത്രിക്കാൻ നടപ്പുവർഷം ഇതിനകം റിസർവ് ബാങ്ക് തുടർച്ചയായ നാലുതവണയായി റിപ്പോനിരക്ക് 1.90 ശതമാനം കൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് യോഗങ്ങളിലും റിപ്പോ 0.50 ശതമാനം വീതമാണ് കൂട്ടിയത്. നിലവിലിത് 5.90 ശതമാനമാണ്.
ഡിസംബറിലെ ധനനയ നിർണയയോഗത്തിലും പലിശകൂട്ടിയാൽ അത് 0.35 ശതമാനത്തിൽ കൂടാൻ സാദ്ധ്യതയില്ല. അതേസമയം, റിപ്പോ 6 ശതമാനത്തിനുമേലെ എത്തുന്നത് ജി.ഡി.പി വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന് ധനനയ നിർണയസമിതി (എം.പി.സി) അംഗവും മലയാളിയുമായ പ്രൊഫ.ജയന്ത് വർമ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുപരിഗണിച്ചാൽ റിസർവ് ബാങ്ക് പലിശനിരക്ക് നിലനിറുത്താനും സാദ്ധ്യതയുണ്ട്.
18 മാസത്തിന് ശേഷം 10 ശതമാനത്തിന് താഴേക്ക് തിരിച്ചെത്തി മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം.
സെപ്തംബറിലെ 10.70 ശതമാനത്തിൽ നിന്ന് 8.39 ശതമാനമായാണ് ഒക്‌ടോബറിൽ നാണയപ്പെരുപ്പം കുറഞ്ഞത്.