ന്യൂഡൽഹി: പച്ചക്കറികളുടെ വില അൽപം താഴേക്കിറങ്ങിയതോടെ കഴിഞ്ഞമാസം ചില്ലറ വിലക്കയറ്റതോതിൽ നേരിയ ആശ്വാസം. ഉള്ളിക്കും തക്കാളിക്കും സവാളയ്ക്കും വില കത്തിക്കയറിയ ഒക്ടോബറിൽ റീട്ടെയ്ൽ പണപ്പെരുപ്പം 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിലെത്തിയിരുന്നു. നവംബറിൽ ഇത് 5.48 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യവിലപ്പെരുപ്പവും ഒക്ടോബറിലെ 10.87 ശതമാനത്തിൽ നിന്ന് 9.04 ശതമാനമായി കുറഞ്ഞു. ഇതോടെ, ഫെബ്രുവരിയിലെ പണനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് (RBI) പലിശഭാരം കുറയ്ക്കാൻ സാധ്യത ഉയർന്നു.
ഭക്ഷ്യോൽപന്നങ്ങളിൽ പച്ചക്കറികളുടെ വിലക്കയറ്റത്തോത് ഒക്ടോബറിലെ 42.18 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം 29.33 ശതമാനമായി കുറഞ്ഞത് റീട്ടെയ്ൽ പണപ്പെരുപ്പം കുറയാൻ സഹായകമായി. പയർവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ വിലനിലവാരം കുറഞ്ഞതും നവംബറിൽ ഗുണം ചെയ്തു. ഗ്രാമീണമേഖലകളിലെ പണപ്പെരുപ്പം ഒക്ടോബറിലെ 6.68ൽ നിന്ന് 5.95 ശതമാനത്തിലേക്കും നഗരങ്ങളിലേത് 5.62ൽ നിന്ന് 4.83 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമായി. അതേസമയം, ഭക്ഷ്യവിലപ്പെരുപ്പം ഗ്രാമങ്ങളിൽ 9.10 ശതമാനവും നഗരങ്ങളിൽ 8.74 ശതമാനവുമാണ്.
ഒക്ടോബറിനെ അപേക്ഷിച്ച് നേരിയ ഇറക്കം മാത്രമാണ് കഴിഞ്ഞമാസം കേരളത്തിലെ റീട്ടെയ്ൽ പണപ്പെരുത്തിലുണ്ടായത്; 6.47 ശതമാനത്തിൽ നിന്ന് 6.32 ശതമാനമായി താഴ്ന്നു. ഗ്രാമങ്ങളിലെ പണപ്പെരുപ്പം 6.98 ശതമാനത്തിൽ നിന്ന് 7.05 ശതമാനമായി കൂടിയത് വൻ തിരിച്ചടിയായി. നഗരങ്ങളിലേത് 5.37ൽ നിന്ന് 5.02 ശതമാനത്തിലേക്ക് താഴ്ന്നത് ആശ്വാസമാണ്. പണപ്പെരുപ്പത്തോതിൽ ഒക്ടോബറിൽ ദക്ഷിണേന്ത്യയിൽ നമ്പർ വൺ ആയിരുന്ന കേരളം നവംബറിലും അതു നിലനിർത്തി. തെലങ്കാനയിൽ 4.24%, തമിഴ്നാട്ടിൽ 5%, ആന്ധ്രയിൽ 5.02%, കർണാടകയിൽ 5.07% എന്നിങ്ങനെയാണ് കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പം.
ദേശീയതലത്തിൽ കേരളം ടോപ് 5ലും ഇടംപിടിച്ചു. 8.39 ശതമാനവുമായി ചണ്ഡീഗഡ് ആണ് വിലക്കയറ്റത്തോതിൽ ഒന്നാമത്. ബിഹാർ 7.55 ശതമാനവുമായി രണ്ടാമതുണ്ട്. ഒഡീഷ (6.78%), ഉത്തർപ്രദേശ് (6.56%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഒക്ടോബറിൽ കേരളത്തേക്കാളും മുന്നിലായിരുന്ന ഹരിയാന, മധ്യപ്രദേശ് എന്നിവയ്ക്ക് കഴിഞ്ഞമാസം വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചു.