മുംബൈ: ഓഹരി വിപണി ചാഞ്ചാടുമ്പോഴും മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപകര്‍ ആസൂത്രിതമായി നിക്ഷേപം നടത്തുന്നത് തുടരുന്നു. മെയ് മുതല്‍ ഓഗസ്റ്റ് വരെ എസ്‌ഐപി വഴി നിക്ഷേപകര്‍ ഓരോ മാസവും നിക്ഷേപിച്ചത് 12,000 കോടിയില്‍ പരം തുക വീതമാണ്. ഓഗസ്റ്റില്‍ എസ്‌ഐപി വഴി നിക്ഷേപിക്കുന്ന തുക റെക്കോഡ് നിലവാരത്തിലെത്തി. 12,963 കോടി രൂപയാണ് എസ്‌ഐപി വഴി ഓഗസ്റ്റില്‍ നിക്ഷേപിക്കപ്പെട്ടത്.
ജൂലൈയില്‍ 12,140 കോടി, ജൂണില്‍ 12,276 കോടി, മെയില്‍ 12,286 കോടി എന്നിങ്ങനെയായിരുന്നു നിക്ഷേപം. ഏപ്രിലില്‍ 11,863 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ അഞ്ച് മാസം എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത് 61,258 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.24 കോടി രൂപയായിരുന്നു എസ്‌ഐപി നിക്ഷേപം.
എസ്‌ഐപി അക്കൗണ്ടുകളിലെ ആസ്‌തി 6.4 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 5.76 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി എസ്‌ഐപി അക്കൗണ്ടുകളിലെ ആസ്‌തി പ്രതിവര്‍ഷം 30 ശതമാനമാണ് വളര്‍ച്ച പ്രാപിക്കുന്നത്.
നിലവില്‍ 5.72 കോടി എസ്‌ഐപി അക്കൗണ്ടുകള്‍ ആണ് നിലവിലുള്ളത്. മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി വഴി നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ ഈയിടെയായി ഗണ്യമായ വര്‍ധനയാണുണ്ടായത്. മുന്‍കാലങ്ങളില്‍ തിരുത്തല്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം നിര്‍ത്തലാക്കുന്ന പ്രവണത പല നിക്ഷേപകരും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തിരുത്തല്‍ അവസരമാണെന്ന് അത്തരം നിക്ഷേപകര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചെലവ് കുറച്ച് നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ് എസ്‌ഐപി. വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നതെങ്കില്‍ വിപണി ഇടിഞ്ഞാല്‍ അത് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ് എസ്‌ഐപി ചെയ്യുന്നത്.
ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്ന ഒരു ഘടകം ഓഹരി വിപണി ഇനി എങ്ങോട്ട് എന്ന അനിശ്ചിതത്വമാണ്. വിദഗ്‌ധര്‍ക്കു പോലും വിപണിയുടെ നില കൃത്യമായി പ്രവചിക്കുക അസാധ്യമാണെന്നിരിക്കെ ഒറ്റയടിക്ക് നിക്ഷേപം നടത്താനുള്ള കൃത്യമായ ഒരു ഘട്ടം ഏതെന്ന് ആര്‍ക്കും നിര്‍വചിക്കാനാകില്ല.
വിപണിയുടെ ഗതിയെ കുറിച്ച് പ്രവചിക്കാന്‍ ശ്രമിച്ച് നിക്ഷേപ അവസരത്തിനായി കാത്തിരുന്നാല്‍ മികച്ച അവസരങ്ങള്‍ നഷ്‌ടപ്പെടുകയാവും ഫലം. അതിനാല്‍ വിപണിയുടെ ഗതിയെ കുറിച്ച് വ്യാകുലപ്പെടാതെ എല്ലാ കാലത്തും ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ നിക്ഷേപമാര്‍ഗമാണ് എസ്‌ഐപി.