
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 17.3 ശതമാനമായി കുറഞ്ഞുവെന്നതാണ് പ്രധാന പ്രത്യേകത. 300 ബേസിസ് പോയിന്റിന്റെ കുറവാണുണ്ടായിരിക്കുന്നത്.
അറ്റ ജീവനക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് മാത്രമാണുണ്ടായിരിക്കുന്നത്. 5945 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണിത്.
മൊത്തം കരാര്‍ മൂല്യം (ടിസിവി) മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്‍ഫോസിസ് 2.3 ബില്യണ്‍ ഡോളര്‍ ടിസിവിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ പാദത്തിലെ 2.1 ബില്യണ്‍ ഡോളറില്‍ നിന്നുള്ള ഉയര്‍ച്ചയാണ്.ബിപിയുമായി 1.5 ബില്യണ് ഡോളറിന്റെ ധാരണാപത്രവും ഡാന്‌സ്‌കെ ബാങ്കുമായി 454 മില്യണ് ഡോളറിന്റെ കരാറും ഉള്‌പ്പെടെ രണ്ട് പ്രധാന കരാര് വിജയങ്ങള് കമ്പനി ഈയിടെ പ്രഖ്യാപിച്ചിരുന്നു.
മൊത്തം വില്‍പന 10 ശതമാനമുയര്‍ന്ന് 37933 കോടി രൂപയുടേതായപ്പോള്‍ ഓപറേറ്റിംഗ് മാര്‍ജിന്‍ 80 ബേസിസ് പോയിന്റ് കൂടി 20.8 ശതമാനമായിട്ടുണ്ട്. അതേസമയം മുന്‍പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ബേസിസ് പോയിന്റ് കുറഞ്ഞു. വരുമാനം പ്രതീക്ഷിച്ച തോതിലായിട്ടുണ്ട്.
അതേസമയം 2024 ലെ വരുമാന വളര്‍ച്ച അനുമാനം 1-3.5 ശതമാനം കുറയ്ക്കാന്‍ കമ്പനി തയ്യാറായി.നേരത്തെ പ്രഖ്യാപിച്ചിരുന്ന 4-7 ശതമാനത്തില്‍ നിന്നും കുറവാണിത്.