
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി വില 52 ആഴ്‌ചത്തെ താഴ്‌ന്ന നിലവാരത്തിന് അടുത്തെത്തി. കഴിഞ്ഞ ഒരു മാസം കൊണ്ട് ഇന്‍ഫോസിസ് 12 ശതമാനം ഇടിവാണ് നേരിട്ടത്.
തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് ഇന്‍ഫോസിസിന്റെ ഓഹരി വില ഇടിയുന്നത്. ഇന്നലെ 1371.35 രൂപ വരെ ഓഹരി വില ഇടിഞ്ഞു. 2022 സെപ്‌റ്റംബര്‍ 22ന് രേഖപ്പെടുത്തിയ 1355.50 രൂപയാണ് 52 ആഴ്‌ചത്തെ താഴ്‌ന്ന വില.
മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക ഐടി കമ്പനികളുടെ ബിസിനസ് കുറയാന്‍ വഴിവെക്കുമെന്ന നിഗമനം ഈ മേഖലയിലെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും നിക്ഷേപകരെ പ്രേരിപ്പിച്ചു.
യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കില്‍ അവിടുത്തെ കമ്പനികള്‍ ഐടി ചെലവുകള്‍ വെട്ടിക്കുറയ്‌ക്കുകയും അത് ഇന്ത്യയിലെ ഐടി മേഖലയുടെ ബിസിനസിനെ ബാധിക്കുകയും ചെയ്യും.
ഈ വര്‍ഷം ഇതുവരെ ഇന്‍ഫോസിസിന്റെ ഓഹരി വില 27 ശതമാനമാണ് ഇടിഞ്ഞത്. അതേ സമയം നിഫ്‌റ്റിയില്‍ ഇക്കാലയളവിലുണ്ടായ ഇടിവ് ഒരു ശതമാനം മാത്രമാണ്.
യുഎസിലെ മൂന്ന് ബാങ്കുകള്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങള്‍ സാങ്കേതിക വിദ്യക്കു വേണ്ടി ചെലവിടുന്നത് കുറയ്‌ക്കാന്‍ സാധ്യതയുണ്ട്.
ഇത് ഈ മേഖലയില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ഇന്‍ഫോസിസിനെ പോലുള്ള ഐടി കമ്പനികളുടെ ബിസിനസ് കുറയാന്‍ കാരണമാകും.