
ബെഗളൂരൂ: ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഡാന്‍സ്‌കെ ബാങ്കുമായി തന്ത്രപരമായ സഹകരണത്തില്‍ ഒപ്പുവച്ചതായി ഇന്ത്യന്‍ ഐടി ഭീമന്‍ ഇന്‍ഫോസിസ് പ്രഖ്യാപിച്ചു. 454 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍.ഒരു നോര്‍ഡിക് ബാങ്കാണ് ഡാന്‍സ്‌കെ.
മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍, പ്രവര്‍ത്തന മികവ്, നെക്സ്റ്റ് ജെന്‍ സൊല്യൂഷനുകളാല്‍ നയിക്കപ്പെടുന്ന ആധുനിക സാങ്കേതിക ലാന്‍ഡ്‌സ്‌കേപ്പ് എന്നിവ നേടാന്‍ സഹകരണം ഡാന്‍സ്‌കെ ബാങ്കിനെ പര്യാപ്തമാക്കും.ഇതിനായി തങ്ങളുടെ ഡിജിറ്റല്‍ ക്ലൗഡ്, ഡാറ്റ കഴിവുകളും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ മുന്നേറ്റങ്ങളും ഉപയോഗപ്പെടുത്തുമെന്ന് ഇന്‍ഫോസിസ് സിഇഒ, മാനേജിംഗ് ഡയക്ടര്‍ സലില്‍ പരേഖ് അറിയിക്കുന്നു.1400 ത്തിലധികം പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ ഡാന്‍സ്‌കെ ഐടി സെന്റര്‍ സഹകരണത്തിന്റെ ഭാഗമായി ഇന്‍ഫോസിസിന്റെ നിയന്ത്രണത്തിലാകും.
തങ്ങളുടെ ‘ഫോര്‍വേഡ്’ പദ്ധതിയുടെ ഭാഗമായാണ് സഹകരണമെന്ന് ഡാന്‍സ്‌കെ ബാങ്ക് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഫ്രാന്‍സ് വോള്‍ഡേഴ്‌സ് പറഞ്ഞു. മികച്ച ഡിജിറ്റല്‍ സൊല്യൂഷനുകള്‍ സ്ഥാപിച്ച് ഉപഭോക്തൃ മൂല്യം മെച്ചപ്പെടുത്താനാണ് ബാങ്ക് ശ്രമിക്കുന്നത്. ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഇന്‍ഫോസിസിന് സാധിക്കുമെന്ന് വോള്‍ഡേഴ്‌സ് പറഞ്ഞു.
2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന് മുമ്പായി ഇടപാടുകള്‍ പൂര്‍ത്തിയാക്കാമെന്നാണ് ഐടി മേജര്‍ കരുതുന്നത്.