
ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ പദ്ധതികളെ ചെലവ് വര്‍ദ്ധനവ് ബാധിച്ചതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 1,646 പദ്ധതികളില്‍ 388 എണ്ണം ചെലവ് കവിഞ്ഞു.
809 പദ്ധതികള്‍ കാലതാമസം നേരിടുന്നു. 1,646 പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള മൊത്തം ചെലവ് 23,92,837.89 കോടി രൂപയാണെങ്കിലും, പൂര്‍ത്തീകരണ ചെലവ് ഏകദേശം 28,58,394.39 കോടി രൂപയാകും. 20 ശതമാനം അഥവാ 4,65,556.50 കോടി രൂപയുടെ വര്‍ദ്ധനവ്.
ഓരോന്നിനും കുറഞ്ഞത് 150 കോടി നിക്ഷേപമാണ് വേണ്ടിവരിക. ജൂലൈയില്‍ 388 ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളാണ് അധിക ചെലവ് നേരിടുന്നത്.2023 ജൂലൈ വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ച ചെലവ് 15,21,550.38 കോടി രൂപയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ 53 ശതമാനം.809 പദ്ധതികളില് 177 എണ്ണം 1 മുതല് 12 മാസം വരെയും 192 എണ്ണം 13 മുതല് 24 മാസം വരെയും 318 പദ്ധതികള് 25 മുതല് 60 മാസം വരെയും 122 പദ്ധതികള് 60 മാസത്തിലധികവും കാലതമാസം നേരിട്ടു. ശരാശരി സമയം 37.4 മാസമാണ്.
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, വനം, പരിസ്ഥിതി അനുമതികള്‍, പദ്ധതി ധനസഹായത്തിനുള്ള കരാറുകള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, തുടങ്ങിയവയാണ് പദ്ധികള്‍ വൈകുന്നതിനുള്ള പ്രധാന കാരണങ്ങള്‍.