മുംബൈ: കടക്കെണിയിലായ ഫ്യൂച്ചർ എന്റർപ്രൈസസിനെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് മുമ്പാകെ അപേക്ഷ നൽകി കമ്പനിയുടെ പ്രവർത്തന കടക്കാരനായ ഫോർസൈറ്റ് ഇന്നൊവേഷൻസ്. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമാണ് ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് (FEL).
എഫ്ഇഎൽ 1.58 കോടി രൂപയുടെ തിരിച്ചടവ് വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് കമ്പനിയുടെ പ്രവർത്തന കടക്കാരനായ ഫോർസൈറ്റ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി കോഡ് 2016 ലെ സെക്ഷൻ 9 പ്രകാരം പാപ്പരത്വ ഹർജി ഫയൽ ചെയ്തത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിലാണ് (NCLT) ഹർജി ഫയൽ ചെയ്തത്.
2022 ഓഗസ്റ്റ് 26 ന് ഈ ഹർജിയിൻമേൽ വിശദമായ വാദം കേൾക്കുമെന്ന് ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായ ചന്ദ്രപ്രകാശ് തോഷ്‌നിവാൾ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചിരുന്നു.