തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകൾ ഉടൻ ട്രഷറികളിലേക്ക് മാറ്റണമെന്ന് സർക്കാർ നിർദേശം. ഇതുസംബന്ധിച്ച് ധനവകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് സ്പെഷൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും ട്രഷറി സേവിങ്സ് അക്കൗണ്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ ഉടൻ അക്കൗണ്ട് ആരംഭിക്കണമെന്നും 2021 സെപ്റ്റംബറിലും 2022 സെപ്റ്റംബറിലും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, ഇപ്പോഴും പലരും ട്രഷറി അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും വാണിജ്യ ബാങ്കുകളിൽ നിക്ഷേപിക്കുകയാണെന്നും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കുലറെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു.
പൊതു ആവശ്യ ഫണ്ടും തനത് ഫണ്ടും പ്രാദേശിക സർക്കാറുകൾ ലോക്കൽ ഗവ. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് ധനവകുപ്പ് അഡീഷനൽ സെക്രട്ടറി പി. അനിൽ പ്രസാദ് പുറപ്പെടുവിച്ച സർക്കുലറിലുള്ളത്.
എന്നാൽ, അക്കൗണ്ടുകൾ തുടങ്ങാത്തതിന്‍റെയല്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ ആശ്വാസം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നുമാണ് ആക്ഷേപം.
സർക്കാറിന്റെ നിത്യച്ചെലവ് പോലും അവതാളത്തിലായിരിക്കെ സാമ്പത്തിക വർഷാവസാനം കൂടിയായതോടെ കടുത്ത ഞെരുക്കത്തിലാണ് സംസ്ഥാനം.
തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വിവിധ പെൻഷൻ ബോർഡുകൾ എന്നിവരുടെയടക്കം നിക്ഷേപങ്ങൾ ട്രഷറിയിലേക്ക് മാറ്റണമെന്ന് നേരത്തേ നിർദേശിച്ചിരുന്നു. അതേസമയം, ഇത്തരമൊരു സർക്കുലർ പുറപ്പെടുവിക്കാൻ അധികാരമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.