ന്യൂഡൽഹി: സാമ്പത്തിക വളർച്ച നിരക്കിലെ ഇടിവിന് കാരണം ഉയർന്ന പലിശനിരക്ക് മാത്രമല്ലെന്ന് സ്ഥാനമൊഴിഞ്ഞ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലെ ഗവർണറുടെ പ്രസ്താവന കേന്ദ്രസർക്കാരിനുള്ള പരോക്ഷ മറുപടി കൂടിയായി.
‘വളർച്ച നിരക്കിലെ കുറവിന് പിന്നിൽ പല കാരണങ്ങളുണ്ട്. വ്യക്തികൾ അവരുടേതായ അഭിപ്രായങ്ങൾ പറയുന്നത് സ്വാഭാവികമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും മികച്ച തീരുമാനമെടുത്തു എന്ന കാര്യത്തിൽ റിസർവ് ബാങ്കിനുള്ളിലും പണനയസമിതിയിലും (എംപിസി) ഞങ്ങൾക്ക് ബോധ്യമുണ്ട്’–ദാസ് പറഞ്ഞു.
പലിശ ഉയർന്നുനിൽക്കുന്നതാണ് വളർച്ച നിരക്ക് കുറയാൻ കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതുകൊണ്ട് നിരക്കുകൾ കുറച്ചു വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പരസ്യമായി ആവശ്യപ്പെടുന്ന സ്ഥിതിയുമുണ്ടായി.
താങ്ങാനാവുന്ന ബാങ്ക് പലിശനിരക്കിനായി ധനമന്ത്രി നിർമല സീതാരാമനും രംഗത്തെത്തിയിരുന്നു.
രണ്ടാംപാദ (ജൂലൈ–സെപ്റ്റംബർ) വളർച്ചയിൽ വൻ ഇടിവു കൂടി നേരിട്ടതോടെ പലിശ കുറയ്ക്കാൻ ആർബിഐക്ക് മേൽ സമ്മർദം ഏറിയിരുന്നു.
എന്നിട്ടും ശക്തികാന്ത ദാസ് തന്റെ അവസാന എംപിസി യോഗത്തിൽ ഇതിനു തയാറായില്ല. വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിലെത്തിയാൽ മാത്രമേ പലിശ കുറയ്ക്കൂ എന്നതായിരുന്നു ദാസിന്റെ നിലപാട്.
വിലക്കയറ്റത്തോതും സാമ്പത്തികവളർച്ചയും തമ്മിലുള്ള ബാലൻസ് വീണ്ടെടുക്കുകയാണ് ആർബിഐയുടെ മുന്നിലെ പ്രധാന വെല്ലുവിളിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
വളർച്ചയിൽ ഇടിവുണ്ടായതിന്റെ അടിസ്ഥാന കാരണം വിലക്കയറ്റമാണെന്ന ആഖ്യാനമാണ് ശക്തികാന്ത ദാസ് അവസാന പണനയപ്രഖ്യാപനത്തിൽ പ്രധാനമായും പങ്കുവച്ചത്.
അതുകൊണ്ട് പലിശനിരക്ക് കുറച്ച് വളർച്ച ഉറപ്പാക്കുന്നതിനു പകരം വിലക്കയറ്റത്തോത് നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് വേണ്ടതെന്നാണ് ആർബിഐയുടെ നിലപാട്.
സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഗവർണറായി ചുമതലയേൽക്കും. സാമ്പത്തികാര്യ സെക്രട്ടറി അജയ് സേത്തിന് റവന്യു സെക്രട്ടറിയുടെ അധികചുമതല നൽകി.