
കൊച്ചി: ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തിൽ ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്താൻ ഇടയില്ല.
രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ലക്ഷ്യമിടുന്ന നാല് ശതമാനത്തിനടുത്താണെങ്കിലും തിരക്കിട്ട് പലിശ കുറയ്ക്കേണ്ടെന്നാണ് റിസർവ് ബാങ്കിന്റെ ആലോചന. പൊതുതിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുന്നതിനാൽ വിലക്കയറ്റം രൂക്ഷമാകുന്ന യാതൊരു നടപടികൾക്കും റിസർവ് ബാങ്ക് തയ്യാറെടുക്കില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
റഷ്യയിലെയും പശ്ചിമേഷ്യയിലെയും രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായതിനാൽ ക്രൂഡോയിൽ വില കുതിച്ചുയരാനുള്ള സാദ്ധ്യതയാണ് പ്രധാന വെല്ലുവിളി. നിലവിൽ രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 87 ഡോളറിനടുത്താണ്.
ചെങ്കടലിലെ പ്രശ്നങ്ങളും ഇന്ധന വിപണിയിൽ കനത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖല ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8.4 ശതമാനം വളർച്ച നേടിയതിനാൽ പലിശ കുറയ്ക്കാൻ സമയമായിട്ടില്ലെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിന്റെ നിലപാട്.
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിലും വളർച്ചാ നിരക്ക് എട്ട് ശതമാനത്തിന് അടുത്താകുമെന്നും വിലയിരുത്തുന്നു.
നിലവിൽ റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അര ശതമാനം വർദ്ധന വരുത്തിയതിന് ശേഷം റിസർവ് ബാങ്ക് മുഖ്യ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.
നിരക്ക് കുറയ്ക്കാൻ ഒരുങ്ങി പാശ്ചാത്യ രാജ്യങ്ങൾ
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ അടുത്ത മാസങ്ങളിൽ മുഖ്യ പലിശ നിരക്ക് കുറച്ചേക്കും. ഈ വർഷം സെപ്തംബറിന് മുൻപ് പലിശ നിരക്കിൽ മൂന്ന് തവണ കുറവ് വരുത്തുമെന്നാണ് അമേരിക്കയിലെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ സൂചന നൽകിയത്.
യൂറോപ്യൻ സെൻട്രൽ ബാങ്കും ജൂണിന് ശേഷം പലിശ കുറച്ചേക്കും. കഴിഞ്ഞ ദിവസം സ്വിറ്റ്‌സർലാൻഡ് പലിശ നിരക്ക് കുറച്ചിരുന്നു.
എന്നാൽ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാൻ പലിശ നേരിയ തോതിൽ വർദ്ധിപ്പിച്ചു.