മുംബൈ: ഇൻഡിഗോ എയർലൈൻസിന്റെ മാതൃസ്ഥാപനമായ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ സെപ്റ്റംബർ പാദത്തിലെ അറ്റനഷ്ടം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 1,435.6 കോടിയിൽ നിന്ന് 1,583 കോടി രൂപയായി വർധിച്ചു.
ഇക്കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 122.8% ഉയർന്ന് 12,497.6 കോടി രൂപയായപ്പോൾ യാത്രക്കാരുടെ എണ്ണം 75.9% വർധിച്ച് 19.7 ദശലക്ഷമായി ഉയർന്നു. നെറ്റ്‌വർക്കിലുടനീളം ശക്തമായ ഡിമാൻഡ് ഉണ്ടായിരുന്നിട്ടും ഇന്ധന വിലയും വിനിമയ നിരക്കും തങ്ങളുടെ സാമ്പത്തിക പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതായി ഇന്റർഗ്ലോബ് സിഇഒ പീറ്റർ എൽബേഴ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
എയർലൈൻ വീണ്ടെടുക്കലിന്റെ സ്ഥിരമായ പാതയിലാണെന്നും, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിലും ഈ ശക്തമായ ഡിമാൻഡ് ഉൾക്കൊള്ളാൻ വിവിധ പ്രതിരോധ നടപടികളിൽ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പാദത്തിലെ ഇൻഡിഗോയുടെ പാസഞ്ചർ ടിക്കറ്റ് വരുമാനം 11,110.4 കോടി രൂപയും അനുബന്ധ വരുമാനം 1,287.2 കോടി രൂപയുമാണ്. അതേസമയം വിമാനക്കമ്പനിയുടെ ഇന്ധനച്ചെലവ് മൂന്നിരട്ടിയായി വർധിച്ച് 6,257.9 കോടി രൂപയായി. കൂടാതെ സെപ്തംബർ പാദത്തിൽ ഇൻഡിഗോയുടെ ഫ്ളീറ്റ് ശക്തി 279 ആയി ഉയർന്നു.