മുംബൈ: മൂന്ന് പുതിയ ഡയറക്ടർമാരെ നിയമിക്കുന്നതിനും അനിൽ പരാശറിനെ ഡയറക്ടറായി പുനർ നിയമിക്കുന്നതിനും കമ്പനിയുടെ ഓഹരി ഉടമകൾ അംഗീകാരം നൽകിയതായി ഇന്റർ ഗ്ലോബ് ഏവിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയുടെ മാതൃ കമ്പനിയാണ് ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്.
എയർ ചീഫ് മാർഷൽ (റിട്ട) ബീരേന്ദർ സിംഗ് ധനോവ, ഷെൽ ഇന്ത്യ മുൻ ചെയർമാൻ വിക്രം സിംഗ് മേത്ത എന്നിവരെ സ്വതന്ത്ര ഡയറക്ടർമാരായി നിയമിക്കുന്നതിന് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അനുമതി നൽകി. കൂടാതെ മുൻ സെബി മേധാവി മേലേവീട്ടിൽ ദാമോദരനെ നോൺ-ഇൻഡിപെൻഡന്റ് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായും അനിൽ പരാശറിനെ ഡയറക്ടറായി പുനർ നിയമിച്ചതായും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
2022 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ നഷ്ടം 1,064 കോടി രൂപയായിരുന്നു. 53.5 ശതമാനം ആഭ്യന്തര വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനാണ് ഇൻഡിഗോ.