സിംഗപ്പൂര്‍: റഷ്യയില്‍ നിന്നുള്ള എണ്ണനിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുന്നതും യു.എസിലെ ഡ്രൈവിംഗ് സീസണും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. നിലവില്‍ രണ്ട്മാസത്തെ ഉയരത്തിലാണ് വിലയുള്ളത്. ബ്രെന്റ് ക്രൂഡ് 118.17 എന്ന റെക്കോര്‍ഡ് നിരക്കിലേയ്ക്ക് ഉയര്‍ന്നു.
തുടര്‍ന്ന് ബാരലിന് 117.31 എന്ന നിലയില്‍ നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തി. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് നിലവില്‍ 18 സെന്റ് കുറഞ്ഞ് 113.91 ഡോളറിലാണുള്ളത്. ഈ ആഴ്ചയില്‍ 0.7 ശതമാനം വര്‍ധനവാണ് സൂചിക രേഖപ്പെടുത്തിയത്.
വിതരണക്കുറവ് തന്നെയാണ് എണ്ണവില ഉയര്‍ത്തുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ എണ്ണ നിരോധിക്കുന്നതും യു.എസിലെ ഡ്രൈവിംഗ് സീസണിന് മുന്നോടിയായി ഗ്യാസോലിന്‍ ശേഖരം കുറഞ്ഞതുമാണ് വിലവര്‍ധനവിലേയ്ക്ക് നയിക്കുന്നത്. റഷ്യന്‍എണ്ണനിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയനെ തടയുന്നത് അംഗ രാഷ്ട്രമായ ഹംഗറിയുടെ എതിര്‍പ്പാണ്.
അവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഹംഗറിയെ അനുനയിപ്പിച്ച് നിരോധനമേര്‍പ്പെടുത്താന്‍ സാധിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കേല്‍ ബുധനാഴ്ച പറഞ്ഞു. അതേസമയം സമവായമുണ്ടായില്ലെങ്കില്‍ റഷ്യയ്‌ക്കെതിരെ ഉപരോധത്തിന് വേറെ വഴികള്‍ തേടണമെന്നാണ് ജര്‍മ്മനിയുടെ നിലപാട്.
റഷ്യന്‍ എണ്ണ വിലക്കാനുള്ള നടപടി ചര്‍ച്ച ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ യോഗം തിങ്കളാഴ്ച തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന ഭയം മൂലമാണ് ഹംഗറി ഉപരോധത്തെ എതിര്‍ക്കുന്നത്. എണ്ണ ഇറക്കുമതിക്കായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഷിപ്പിംഗ്, ബ്രോക്കറേജ്, ഇന്‍ഷുറന്‍സ്, ഫിനാന്‍സിംഗ് സേവനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നിര്‍ത്തലാക്കാനും യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നുണ്ട്.