മുംബൈ: ഇന്‍വെഞ്ചറസ് നോളജ് സൊല്യൂഷന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഡിസംബര്‍ 12 ന് തുടങ്ങും. 2500 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. ഡിസംബര്‍ 16 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം.
1265-1329 രൂപയാണ് ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. 11 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഡിസംബര്‍ 19ന് ഇന്‍വെഞ്ചറസ് നോളജ് സൊല്യൂഷന്‍സിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (വഴി) നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്.
പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല. പൂര്‍ണമായും ഒഎഫ്‌എസ് ആയതിനാല്‍ ഐപിഒ വഴി സമാഹരിക്കുന്ന തുക വില്‍പ്പന നടത്തുന്ന ഓഹരിയുടമകള്‍ക്കായിരിക്കും ലഭിക്കുന്നത്.
സച്ചിന്‍ ഗുപ്‌ത, രേഖ ജുന്‍ജുന്‍വാല, ആര്യമന്‍ ജുന്‍ജുന്‍വാല ഡിസ്‌ക്രിഷണറി ട്രസ്റ്റ്, ആര്യവിര്‍ ജുന്‍ജുന്‍വാല ഡിസ്‌ക്രിഷണറി ട്രസ്റ്റ്, നിഷ്‌ത ജുന്‍ജുന്‍വാല ഡിസ്‌ക്രിഷണറി ട്രസ്റ്റ് തുടങ്ങിയ പ്രമുഖ നിക്ഷേപകര്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരില്‍ ഉള്‍പ്പെടുന്നു.
2006ല്‍ സ്ഥാപിതമായ ഇന്‍വെഞ്ചറസ് നോളജ് സൊല്യൂഷന്‍സ് ആരോഗ്യ പരിരക്ഷാ മേഖലയിലെ കമ്പനികള്‍ക്ക് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും രേഖകള്‍ കൈകാര്യം ചെയ്യാനുമുള്ള പ്രത്യേക സാങ്കേതിക പിന്തുണയാണ് നല്‍കുന്നത്.
നിലവില്‍ ഇന്‍വെഞ്ചറസ് നോളജ് സൊല്യൂഷന്‍സിന് 225 രൂപ ഗ്രേ മാര്‍ക്കറ്റില്‍ പ്രീമിയമുണ്ട്. ഇത് ഉയര്‍ന്ന ഇഷ്യു വിലയുടെ 16.93 ശതമാനമാണ്.