മുംബൈ: സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ (ZEEL) 5.51% ഓഹരികൾ വിൽക്കാൻ ഇൻവെസ്‌കോ ഡെവലപ്പിംഗ് മാർക്കറ്റ്‌സ് ഫണ്ട് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഓഹരി വിൽപ്പനയിലൂടെ 169.5 മില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഫണ്ട് ഉദ്ദേശിക്കുന്നത്.
ഒഎഫ്ഐ ഗ്ലോബൽ ചൈന ഫണ്ട് എൽഎൽസി വഴി ഇൻവെസ്‌കോ സീ എന്റർടൈൻമെന്റിന്റെ 10.14% ഓഹരി കൈവശം വച്ചിട്ടുണ്ട്. ഇതിന്റെ പകുതിയിലധികം വിറ്റഴിക്കാനാണ് ഇൻവെസ്‌കോയുടെ പദ്ധതി. അതേസമയം ഒരു ബ്ലോക്ക് ഇടപാടിലൂടെ ഫണ്ട് കമ്പനിയുടെ 52.93 ദശലക്ഷം ഓഹരികൾ വിൽക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി 3.53 ശതമാനം ഉയർന്ന് 273.05 രൂപയിലെത്തി. ഒരു ഇന്ത്യൻ മീഡിയ കൂട്ടായ്മയാണ് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ടെലിവിഷൻ, പ്രിന്റ്, ഇന്റർനെറ്റ്, ഫിലിം, മൊബൈൽ ഉള്ളടക്കം, അനുബന്ധ ബിസിനസുകൾ എന്നിവയിൽ പ്രവർത്തിക്കുന്നു. കൂടാതെ ഇതിന് ലോകമെമ്പാടുമായി 45 ചാനലുകളുണ്ട്.