
കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകർ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഒന്നാമതാണു കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തെ നിക്ഷേപകരുടെ സ്വന്തം നാടാക്കുകയും സംസ്ഥാനത്തിന്റെ വികസനം അടുത്തഘട്ടത്തിലേക്കു കടക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ സംഘടിപ്പിക്കുന്ന ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘വ്യവസായത്തിനുള്ള അനുമതികളും ലൈസൻസുകളും ചുവപ്പുനാടയിൽപ്പെടാതെ സംരംഭകർക്ക് ഉടൻ ലഭ്യമാക്കും. മാനവവിഭവശേഷി വികസനത്തിൽ കേരളം കൈവരിച്ചത് അഭിമാനനേട്ടമാണ്. വ്യവസായങ്ങൾക്കു വലിയ പിന്തുണയാണ് വികസനത്തിന്റെ ഫെസിലിറ്റേറ്റർ എന്ന നിലയിൽ സംസ്ഥാന സർക്കാർ നൽകുന്നത്.
ദേശീയപാത വികസനത്തിന് അതിവേഗം ഭൂമി ഏറ്റെടുക്കാനായത് ഇതുമൂലമാണ്. റോഡ്, റെയിൽ വികസനം വലിയ പ്രാധാന്യത്തോടെ സംസ്ഥാനം നടപ്പാക്കുന്നു. ദേശീയപാതയ്ക്കു പുറമേ, ഗ്രാമീണ റോഡുകളും സജ്ജമാക്കി വികസനം ഓരോ മുക്കിലും മൂലയിലും എത്തിക്കുകയെന്നതാണു സമീപനം.
ഭൂമി കിട്ടിയില്ലെന്ന കാരണത്താൽ ഒരു സംരംഭകനും ഇനി കേരളത്തിൽനിന്നു മടങ്ങേണ്ടി വരില്ല. തടസ്സമില്ലാത്ത വൈദ്യുതിയും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും എല്ലായിടത്തും ഉറപ്പാക്കും. 87% കേരളീയർക്കും ഇപ്പോൾ ഇന്റർനെറ്റ് ലഭ്യമാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണിത്. പവർകട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം.’’ – മുഖ്യമന്ത്രി പറഞ്ഞു.
‘‘നാല് വിമാനത്താവളങ്ങൾ, മികച്ച റോഡ്-റെയിൽ കണക്റ്റിവിറ്റി, ഉൾനാടൻ ജലഗതാഗത സംവിധാനം എന്നിങ്ങനെ കേരളത്തിനു മികവുകൾ ഒട്ടേറെയാണ്. സ്റ്റാർട്ടപ്പുകളുടെ എണ്ണം ഗണ്യമായി കൂടുകയാണ് കേരളത്തിൽ.
സ്കൂൾ, കോളജ് തലങ്ങളിലും ഇപ്പോൾ സ്കിൽ ഡവലപ്മെന്റ് സെന്ററുകളുണ്ട്. കോഴ്സുകൾ അതിനനുസരിച്ച് പരിഷ്കരിച്ചു. ഗവേഷണത്തിനും വികസനത്തിനുമാണ് ഊന്നൽ. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി സജ്ജമാകുന്നതോടെ സംസ്ഥാനത്തെ ഏയറോസ്പേസ് മേഖലയും ശക്തമാകും.’’ – അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത നിക്ഷേപവും ഉത്തരവാദിത്ത വ്യവസായവുമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. രാഷ്ട്രീയ, ആശയഭേദമില്ലാതെ നമുക്ക് അതിനുവേണ്ടി പ്രവർത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
ജർമനി, മലേഷ്യ, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെയും പങ്കാളിത്തം ഉച്ചകോടിയിലുണ്ട്. ഓരോ രാജ്യത്തിന്റെയും പ്രതിനിധികളുടെ അവതരണവും ഇന്നും കൂടി നടക്കും. വിദേശ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ട്.
വിവിധ വേദികളിൽ 28 സെഷനുകളിലായി ചർച്ചകളിൽ 200ലേറെ പ്രഭാഷകരുണ്ടാകും. ഷാർജ, അബുദാബി, ദുബായ്, സ്വിസ്, ഖത്തർ ചേംബർ പ്രതിനിധികളും പങ്കെടുക്കും. 10 വകുപ്പുകൾ 10 ബി2ബി സാധ്യതകളും അവതരിപ്പിക്കും.
എഐ ആൻഡ് റോബട്ടിക്സ്, എയ്റോസ്പേസ് ആൻഡ് ഡിഫൻസ്, ലോജിസ്റ്റിക്സ്, മാരിടൈം ആൻഡ് പാക്കേജിങ്, ഫാർമ-മെഡിക്കൽ ഉപകരണങ്ങൾ- ബയോടെക്, പുനരുപയോഗ ഊർജം, ആയുർവേദം, ഫുഡ്ടെക്, മൂല്യവർധിത റബർ ഉൽപന്നങ്ങൾ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, മാലിന്യസംസ്കരണം എന്നിവയാണ് ഉച്ചകോടിയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലകൾ.