കൊച്ചി: കഴിഞ്ഞ വർഷം കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപ ഒഴുക്കിൽ വൻ വർദ്ധന. ഡാറ്റാ ഇന്റലിജൻസ് പ്ളാറ്റ്ഫോമായ ട്രാക്സൻ ജിയോയുടെ വാർഷിക റിപ്പോർട്ടനുസരിച്ച് കേരളത്തിലെ സ്റ്റാർട്ടപ്പുകളുലേക്കുള്ള സീഡ് സ്റ്റേജ് ഫണ്ടിംഗ് 40 ശതമാനം ഉയർന്ന് 2.62 കോടി ഡോളറിലെത്തി.
മുൻവർഷം സീഡ് ഫണ്ടിംഗ് 1.87 കോടി ഡോളറായിരുന്നു. അവാനാ കാപ്പിറ്റൽ അഡ്‌വൈസേഴ്സ്, 9യൂണികോൺസ്, ഹഡ്ഡി എന്നിവയാണ് നിക്ഷേപത്തിൽ മുന്നിലുള്ളത്.
സ്റ്റാർട്ടപ്പുകളിലേക്കുള്ള മൊത്തം നിക്ഷേപത്തിൽ കഴിഞ്ഞ വർഷം വർദ്ധനയുണ്ടെങ്കിലും വാണിജ്യ വിപണനത്തിന് മുന്നോടിയായിട്ടുള്ള ഏർളി സ്റ്റേജ് ഫണ്ടിംഗ് മുപ്പത് ശതമാനത്തിലധികം ഇടിഞ്ഞ് 70 ലക്ഷം ഡോളറായെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻവർഷം ഈ രംഗത്ത് ഒരു കോടി ഡോളറിലധികം നിക്ഷേപം ലഭിച്ചിരുന്നു.
സംസ്ഥാനത്തെ കാഷിക, ഭക്ഷ്യ ടെക്ക് മേഖലയിലുള്ള സ്റ്റാർട്ടപ്പുകളിലേക്കാണ്കൂടുതൽ നിക്ഷേപം ഒഴുകിയെത്തുന്നത്. ഇവയിലെ ഫണ്ടിംഗ് മുൻവർഷത്തേക്കാൾ 266 ശതമാനം ഉയർന്ന് 74 ലക്ഷം ഡോളറിലെത്തി. അതേസമയം വിദ്യാഭ്യാസ ടെക്ക് സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 34.7 ലക്ഷം ഡോളറായി ഇടിഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് കൊച്ചിയിലാണ്. ഇക്കാലയളവിൽ 2.9 കോടി ഡോളറിന്റെ നിക്ഷേപമാണ് കൊച്ചിക്ക് കിട്ടിയത്. ആലപ്പുഴയിലെ സ്ഥാപനങ്ങൾക്ക് 40 ലക്ഷം ഡോളർ ലഭിച്ചു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ സജീവമായ ഇടപെടലാണ് ഈ മേഖലയ്ക്ക് കരുത്ത് പകരുന്നതെന്ന് സംരംഭകർ പറയുന്നു.
കർണാടക, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപത്തിൽ കഴിഞ്ഞ വർഷം വൻ ഇടിവുണ്ടായി.
കർണാടകയിലെ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം ഇക്കാലയളവിൽ 72 ശതമാനം ഇടിഞ്ഞ് 340 കോടി ഡോളറായി. ഗുജറാത്തിലേക്കുള്ള നിക്ഷേപം 66 ശതമാനം കുറഞ്ഞ് 13.9 കോടി ഡോളറിലെത്തി. തമിഴ്നാട്ടിലെ സ്റ്റാർട്ടപ്പുകളിലെ 85 ശതമാനം ഇടിവോടെ 25.5 കോടി ഡോളറായി.
സീഡ് സ്റ്റേജ് ഫണ്ടിംഗ്
ഒരു സ്റ്റാർാപ്പിന്റെ ആശയം ഉടലെടുക്കുമ്പോൾ ലഭിക്കുന്ന ആദ്യ നിക്ഷേപമാണ് സീഡ് സ്റ്റേജ് ഫണ്ടിംഗ്.