
എന്നും റെക്കോര്‍ഡ് വിലയുമായി ഓഹരിയേയും സ്ഥിര നിക്ഷേപ പദ്ധതികളേയും കടത്തിവെട്ടുകയാണ് നിലവില്‍ ഇന്ത്യയിലെ സ്വർണവില.
ഏറ്റവും വളര്‍ച്ച നേടുന്ന ആസ്തിയായി സ്വര്‍ണം മുന്നോട്ടുള്ള കുതിപ്പു തുടരുമ്പോഴും ഏറെ കരുതലോടെയുള്ള സമീപനമായിരിക്കും ഈ രംഗത്ത് നിക്ഷേപകര്‍ സ്വീകരിക്കാന്‍ സാധ്യത.
സ്വര്‍ണ വിലയുടെ സമീപ ഭാവിയിലെ പ്രവണതകള്‍ എങ്ങനെയായിരിക്കും എന്നാണ് പലരും ചിന്തിക്കുന്നത്. ആഗോള അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപം എന്ന ശക്തിയും സ്വര്‍ണം വാങ്ങുന്നതിന് അനുകൂലമായി നില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില ചെറുകിട വാങ്ങലുകളെ, പ്രത്യേകിച്ച് ആഭരണങ്ങളുടെ കാര്യത്തില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ആഭരണങ്ങള്‍ വിവാഹാവശ്യത്തിനു മാത്രം
വില ഇങ്ങനെ കുതിച്ചു പായുമ്പോള്‍ പ്രധാനമായും വിവാഹങ്ങള്‍ക്കു മാത്രമാണ് സ്വര്‍ണം വാങ്ങുന്നത് എന്ന സ്ഥിതിയാണിപ്പോൾ.
ഒരു തിരുത്തലിനു ശേഷം സ്ഥിരത കൈവരിച്ചിട്ടു വാങ്ങാം എന്നതാണ് വാങ്ങാനിരിക്കുന്നവരുടെ ചിന്താഗതി. ഇതേ സമയം സ്വര്‍ണ വിലയിലെ കുതിപ്പ് പഴയ സ്വര്‍ണത്തിന്റെ വില്‍പന കൂടാൻ കാരണമാകുന്നു.
പലരും പഴയ സ്വര്‍ണം മാറ്റിവാങ്ങുകയോ വായ്പകള്‍ക്കുള്ള ഈടായി ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ബാങ്കുകളുടെ റീട്ടെയില്‍ സ്വര്‍ണ പണയ വായ്പ 2025 ജനുവരിയോടെ 77 ശതമാനം വാര്‍ഷിക വളര്‍ച്ചയാണു കൈവരിച്ചത്.
നിക്ഷേപിക്കാനും പ്രിയം
ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വന്‍ തോതില്‍ വര്‍ധിക്കുന്നതാണ് കഴിഞ്ഞ നാളുകളില്‍ കാണാനായത്.
ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം തുടര്‍ച്ചയായ പത്തു മാസം പോസിറ്റീവ് ആയി തുടരുന്നതും ശ്രദ്ധേയമായിരുന്നു. മ്യൂചല്‍ ഫണ്ടുകളുടെ ആകെ ആസ്തിയുടെ 0.9 ശതമാനം ഗോള്‍ഡ് ഇടിഎഫുകള്‍ കൈയ്യടക്കുന്നതും ഇതിനിടെ കാണാനായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.
ഇതിനിടെ 2025 ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങല്‍ നിര്‍ത്തി വച്ചതും അതേ മാസം തന്നെ സ്വര്‍ണ ഇറക്കുമതി 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതും ഈ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവ വികാസങ്ങളായിരുന്നു.
കരുതലോടെ സ്വര്‍ണത്തെ സമീപിക്കും
അക്ഷയ തൃതീയ, വിവാഹ സീസണ്‍ അടക്കം സ്വര്‍ണം വാങ്ങല്‍ വര്‍ധിപ്പിക്കുന്ന നിരവധി സാഹചര്യങ്ങള്‍ കടന്നു വരികയാണെങ്കിലും ഉയര്‍ന്ന വില ആഭരണങ്ങളുടെ വില്‍പനയെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യാനാണ് സാധ്യത.
ആഗോള അനിശ്ചിതത്വങ്ങളുടേയും പണപ്പെരുപ്പ ആശങ്കയുടേയും പശ്ചാത്തലത്തില്‍ നിക്ഷേപ രംഗത്തെ ഡിമാന്റ് തുടരുവാനും സാധ്യതയുണ്ട്.
ഇതിനിടയില്‍ സുരക്ഷിത ആസ്തി എന്ന സ്ഥാനവും സാമ്പത്തിക സാഹചര്യങ്ങളുമാകും സ്വര്‍ണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുക.