കൊച്ചി: ഇസ്രയേലിനെതിരെ ആക്രമണത്തിന് ഇറാൻ ഒരൂങ്ങുന്നുവെന്ന വാർത്തകൾ ലോകമെമ്പാടുമുള്ള വിപണികളിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം പിടിവിട്ടു പോയാൽ കൂടുതൽ രാജ്യങ്ങൾ വിഷയത്തിൽ ഇടപെടുമെന്ന സംശയത്തിൽ നിക്ഷേപകർ കരുതലിലേക്ക് നീങ്ങി.
കപ്പൽ ഗതാഗതം മേഖല കൂടുതൽ കലുഷിതമാകുമെന്ന ആശങ്കയിൽ ക്രൂഡോയിൽ വില രണ്ടാഴ്ചയായി തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്.
ആഗോള മേഖലയിലെ വൻകിട ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും സുരക്ഷിത്വം തേടി ക്രൂഡോയിലേക്കും സ്വർണത്തിലേക്കും ഡോളറിലേക്കും പണം മാറ്റുകയാണ്.
ഇതോടെ ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 2400 ഡോളറിന് മുകളിലെത്തി. മൾട്ടി കേമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണം അവധി വില പത്ത് ഗ്രാമിന് 74,000 രൂപയിലെത്തി റെക്കാഡിട്ടിരുന്നു.
അതേസമയം ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ വെള്ളിയാഴ്ച കനത്ത തകർച്ച നേരിട്ടു. അമേരിക്കയിലെ പ്രധാന ഓഹരി സൂചികകളായ ഡൗ ജോൺസും നാസ്ദാക്കും ഒന്നര ശതമാനമാണ് ഇടിഞ്ഞത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും ഡൗ ഇൻഡസ്ട്രിയൽ ആവറേജ് 2.4 ശതമാനം നഷ്ടം നേരിട്ടു. വെള്ളിയാഴ്ച ഇന്ത്യയിലെ സെൻസെക്സ് 800 പോയിന്റിനടുത്ത് നഷ്ടം നേരിട്ടിരുന്നു.