
മുംബൈ: കഴിഞ്ഞ 2 ദിവസങ്ങളിലെ ഓഹരി വിപണി തകര്‍ച്ച നിക്ഷേപകര്‍ക്ക് നഷ്ടമാക്കിയത് 6.5 ലക്ഷം കോടി രൂപ. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോര്‍ഡ് തുകയായ 280.52 ലക്ഷം കോടി രൂപയില്‍ നിന്ന് 274.02 ലക്ഷം കോടി രൂപയായി കുറയുകയായിരുന്നു. തിങ്കളാഴ്ച നിഫ്റ്റി50 268 പോയിന്റ് അഥവാ 1.5 ശതമാനം താഴ്ന്ന് 17491 ലും ബിഎസ്ഇ സെന്‍സെക്‌സ് 872 പോയിന്റ് ഇടിഞ്ഞ് 58,774 ലെവലിലും വ്യാപാരം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണിത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വാങ്ങല്‍ നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞ രണ്ട് സെഷനുകളിലായി സെന്‍സെക്‌സ് 1700 പോയിന്റ് നഷ്ടമാക്കി. സമ്പത്തിന്റെ കുറവ് പ്രതീക്ഷിച്ച തോതിലാണെന്ന് വിദഗ്ധര്‍ പറയുന്നു. തിരുത്തലിന് തൊട്ടുമുമ്പ്, രണ്ട് മാസത്തിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്ത് 45.6 ലക്ഷം കോടിയിലധികം വര്‍ദ്ധിച്ചിരുന്നു. എല്ലാ മേഖലകളുടെയും പങ്കാളിത്തത്തോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 18 ശതമാനത്തിലധികം ഉയര്‍ന്നു.
ഇതോടെ ആഗോളവിപണികളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണികള്‍ പ്രമീയം മൂല്യനിര്‍ണ്ണയത്തിലായി. അദാനി പവര്‍, ആസ്ട്ര മൈക്രോവേവ്, ഫോര്‍ബ്‌സ് ആന്‍ഡ് കമ്പനി, ഗ്രിന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍, ഐടിസി, കെഎസ്ബി ഫീനിക്‌സ് മില്‍സ്, പ്രിക്കോള്‍, ടോറന്റ് പവര്‍, വെസ്റ്റ് കോസ്റ്റ് പേപ്പര്‍, ടിറ്റാഗര്‍ വാഗണ്‍സ് തുടങ്ങി 135 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മൊത്തം 290 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലായപ്പോള്‍ 246 ഓഹരികള്‍ തിങ്കളാഴ്ച ലോവര്‍ സര്‍ക്യൂട്ടില്‍ തൊട്ടു.