
കൊച്ചി: വമ്പൻ അവകാശ വാദങ്ങളോടെ നടത്തിയ പ്രാരംഭ ഓഹരി വില്‍പ്പനയില്‍(ഐ.പി.ഒ) ആവേശത്തോടെ പങ്കെടുത്ത ചെറുകിട നിക്ഷേപകർ നഷ്‌ട കടലില്‍. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ വിപണിയില്‍ നിന്ന് പണം സമാഹരിച്ച 26 പ്രമുഖ കമ്ബനികളില്‍ 21 എണ്ണത്തിന്റെയും വില നിലവില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
ഒല ഇലക്‌ട്രിക്, എൻ.ടി.പി.സി ഗ്രീൻ എനർജി, വണ്‍ മൊബിക്വിക് സിസ്റ്റംസ്, യുണിമെക്ക് ഏയ്റോസ്‌പേസ് ആൻഡ് മാനുഫാക്ചറിംഗ്, വെസ്‌റ്റീവ് ഹോസ്പിറ്റാലിറ്റി എന്നിവയെല്ലാം നിക്ഷേപകരുടെ കൈപൊള്ളിച്ചു.
ഈ ഓഹരികളില്‍ പലതിന്റെയും ഓഹരി വില ഇഷ്യു ചെയ്തതിലും 60 ശതമാനം വരെ ഇടിവോടെയാണ് നിലവില്‍ വ്യാപാരം നടത്തുന്നത്.
നടപ്പുവർഷം ഐ.പി.ഒ നടത്തിയ കമ്ബനികളുടെ ഓഹരി വിലയില്‍ ഇതുവരെ 20 ശതമാനം ഇടിവാണുണ്ടായത്. സെൻസെക്സ് സൂചിക ഇക്കാലയളവില്‍ 2.2 ശതമാനമാണ് ഇടിഞ്ഞത്. യാഥാർത്ഥ്യ ബോധമില്ലാതെ ഓഹരി വില നിശ്ചയിച്ചതാണ് ഇത്രയും വലിയ തകർച്ച നേരിടാൻ കാരണമെന്ന് അനലിസ്‌റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
കുമിള പൊട്ടുമെന്ന് ആശങ്ക
ഓഹരി വിപണിയിലെ മുന്നേറ്റം മുതലെടുത്ത് ചെറുകിട, ഇടത്തരം മേഖലയിലുള്ള നിരവധി കമ്ബനികളാണ് കഴിഞ്ഞ വർഷങ്ങളില്‍ ഐ.പി.ഒയിലൂടെ പണം സമാഹരിച്ചത്.
കഴിഞ്ഞ വർഷം 331 കമ്ബനികള്‍ക്ക് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 1.68 ലക്ഷം കോടി രൂപയാണ് വിപണിയില്‍ ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്കും ചെറുകിട നിക്ഷേപകരുടെ പണമാണ്. എന്നാല്‍ ഈ കമ്ബനികള്‍ക്കൊന്നും പ്രതീക്ഷിച്ച പ്രവർത്തന മികവ് കാട്ടാനായില്ല.
പേടിഎം മുതല്‍ പോപ്പുലർ വെഹിക്കിള്‍സ് ആൻഡ് സർവീസസ് വരെയുള്ള ഐ.പി.ഒകളില്‍ പണം മുടക്കിയ നിക്ഷേപകർക്ക് കനത്ത നഷ്‌ടമുണ്ടായി.
നടപ്പുവർഷം സമാഹരിച്ച തുക
15,108 കോടി രൂപ
കമ്പനി : നിക്ഷേപകരുടെ നഷ്‌ടം
വണ്‍97 കമ്യൂണിക്കേഷൻ : 65 ശതമാനം
പോപ്പുലർ വെഹിക്കിള്‍സ് : 62 ശതമാനം
ഡെല്‍ഹിവെറി : 45 ശതമാനം
ഹൊനാസ കണ്‍സ്യൂമർ : 35 ശതമാനം
ഒല ഇലക്‌ട്രിക് : 32 ശതമാനം