മുംബൈ: പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ) ഈയാഴ്ച അണിനിരക്കുന്നത് 10 കമ്പനികൾ. കഴിഞ്ഞദിവസങ്ങളിലായി ഐപിഒ നടത്തിയ 11 കമ്പനികളുടെ ലിസ്റ്റിങ്ങും (ഓഹരി വിപണിയിലെ വ്യാപാരത്തുടക്കം) ഈയാഴ്ച നടക്കും.
അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ്, വ്രജ് അയൺ ആൻഡ് സ്റ്റീൽ, ശിവാലിക് പവർ കൺട്രോൾ, സിൽവൻ പ്ലൈബോർഡ്, മാസൺ ഇൻഫ്രാടെക്, വിസാമൻ ഗ്ലോബൽ സെയിൽസ്, അകികോ ഗ്ലോബൽ സർവീസസ്, ഡിവൈൻ പവർ എനർജി, പെട്രോ കാർബൺ ആൻഡ് കെമിക്കൽസ്, ഡൈൻസ്റ്റെൻ ടെക് എന്നിവയുടെ ഐപിഒയ്ക്കാണ് ഈവാരം തുടക്കമാകുന്നത്.
ഇതിൽ ഭൂരിഭാഗവും എസ്എംഇ (സ്മോൾ ആൻഡ് മീഡിയം എന്‍റർപ്രൈസസ്) വിഭാഗത്തിലാണ്.
കഴിഞ്ഞയാഴ്ച ആരംഭിച്ച സ്റ്റാൻലി ലൈഫ്സ്റ്റൈൽസ്, ഡിണ്ടിഗൽ ഫാം പ്രോഡക്ട്, വിന്നി ഇമിഗ്രേഷൻ ആൻഡ് എജ്യൂക്കേഷൻ സർവീസസ്, മെഡികാമെൻ ഓർഗാനിക്സ് എന്നിവയുടെ ഐപിഒകൾ സമാപിക്കുന്നതും ഈയാഴ്ചയാണ്.
അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ്
1,500 കോടി രൂപ ഉന്നമിട്ടുള്ളതാണ് ഐപിഒ. ഓഹരിയുടെ പ്രൈസ് ബാൻഡ് 267-281 രൂപ. 1,000 കോടി രൂപയുടേത് പുതിയ ഓഹരികളാണ് (ഫ്രഷ് ഇഷ്യൂ).
നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരി വിൽക്കുന്ന മാർഗമായ ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) വഴി 500 കോടി രൂപയുടെ സമാഹരണവും ലക്ഷ്യമിടുന്നു. ദ ഓഫീസേഴ്സ് ചോയിസ് വിസ്കി നിർമാതാക്കളാണ് അലൈഡ്. ഐപിഒ 27ന് സമാപിക്കും.
വ്രജ് അയൺ
26 മുതൽ 28 വരെ നടക്കുന്ന ഐപിഒയുടെ ലക്ഷ്യം 171 കോടി രൂപയുടെ സമാഹരണം. ഛത്തീസ്ഗഢ് ആസ്ഥാനമായ കമ്പനിയുടെ ഐപിഒ പ്രൈസ് ബാൻഡ് 195-207 രൂപ. പുതിയ ഓഹരികൾ മാത്രമേ ഐപിഒയിലുള്ളൂ.
ശിവാലിക് പവർ
ഇലക്ട്രിക് പാനലുകളുടെ നിർമാതാക്കളായ ശിവാലിക് ഉന്നമിടുന്നത് 64.32 കോടി രൂപ. പ്രൈസ് ബാൻഡ് 95-100 രൂപ. ഐപിഒ 26ന് സമാപിക്കും.
സിൽവൻ പ്ലൈബോർഡ്
26 വരെയാണ് ഐപിഒ. ലക്ഷ്യം 28.05 കോടി രൂപ. പ്രൈസ് ബാൻഡ് 55 രൂപ.
മാസൺ ഇൻഫ്രാടെക്
റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്പനിയാണ്. 26 വരെ നടക്കുന്ന ഐപിഒയിലൂടെ 30.46 കോടി രൂപ നേടാൻ ലക്ഷ്യമിടുന്നു. പ്രൈസ് ബാൻഡ് 62-64 രൂപ.
വിസാമൻ ഗ്ലോബൽ സെയിൽസ്
ജൂൺ 24ന് ആരംഭിച്ച് 26ന് സമാപിക്കുന്ന മറ്റൊരു ഐപിഒയാണ് വിസാമൻ ഗ്ലോബലിന്‍റേത്. സ്റ്റീൽ പൈപ്പുകളും കോയിലുകളും വിറ്റഴിക്കുന്ന കമ്പനി 16.05 കോടി രൂപ സമാഹരിക്കാൻ ഉന്നമിടുന്നു. പ്രൈസ് ബാൻഡ് 43 രൂപ.
അകികോ ഗ്ലോബൽ
ധനകാര്യ ഉൽപന്ന വിതരണക്കമ്പനിയാണ് അകികോ. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി (എൻബിഎഫ്സി) സഹകരിച്ചാണ് പ്രവർത്തനം. ഐപിഒ നാളെ തുടങ്ങി 27 വരെ. 23.11 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐപിഒയുടെ പ്രൈസ് ബാൻഡ് 73-77 രൂപ.
ഡിവൈൻ പവർ എനർജി
ഫൈബർ വയർ നിർമാതാക്കളായ ഡിവൈൻ ഐപിഒ വഴി 22.76 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 25ന് തുടങ്ങി 27ന് ഐപിഒ അവസാനിക്കും. പ്രൈസ് ബാൻഡ് 36-40 രൂപ.
പെട്രോ കാർബൺ
ഇന്ന് തുടങ്ങി 27ന് സമാപിക്കുന്ന ഈ എസ്എംഇ ഐപിഒയുടെ ഉന്നം 113.16 കോടി രൂപയാണ്. 162-171 രൂപയാണ് പ്രൈസ് ബാൻഡ്. പെട്രോ കാർബൺ ആൻഡ് കെമിക്കൽസിന്‍റെ ഐപിഒയിൽ ഒഎഫ്എസ് മാത്രമേയുള്ളൂ. പുതിയ ഓഹരികളില്ല.
ഡൈൻസ്റ്റെൻ ടെക്
ഐടി സേവന കമ്പനിയായ ഡൈൻസ്റ്റെനും എസ്എംഇ ശ്രേണിയിലാണ് പ്രാരംഭ ഓഹരി വിൽപന നടത്തുന്നത്. 26 മുതൽ 28 വരെ നടക്കുന്ന ഐപിഒയുടെ ലക്ഷ്യം 22.08 കോടി രൂപ. പ്രൈസ് ബാൻഡ് 95-100 രൂപ.
ലിസ്റ്റിങിലേക്ക് ഇവർ
പതിനൊന്ന് കമ്പനികളാണ് ഈയാഴ്ച ഓഹരി വിപണിയിലേക്ക് പുതുതായി ചുവടുവയ്ക്കുന്നത്. ഡീ ഡെവലപ്മെന്‍റ് എൻജിനിയേഴ്സ്, അക്മെ ഫിൻട്രേഡ് ഇന്ത്യ എന്നിവ 26നും സ്റ്റാൻലി ലൈഫ് സ്റ്റൈൽസ് 28നും ലിസ്റ്റ് ചെയ്യും.
8 കമ്പനികളുടെ ലിസ്റ്റിങ് എസ്എംഇ ശ്രേണിയിലാണ്. യുണൈറ്റഡ് കോഫ്ടാബ്, ജിപി ഇക്കോ സൊല്യൂഷൻസ് എന്നിവയുടെ ലിസ്റ്റിങ് ഇന്നായിരുന്നു. ഫാൽകൺ ടെക്നോപ്രോജക്ട്സ് ഇന്ത്യ, ഡർലാക്സ് ടോപ് സർഫസ്, ജെം എൻവീറോ മാനേജ്മെന്‍റ് എന്നിവ 26ന് ലിസ്റ്റ് ചെയ്യും.
ഡിണ്ടിഗൽ ഫാം പ്രോഡക്ട്, വിന്നി ഇമിഗ്രേഷൻ, മെഡികാമെൻ ഓർഗാനിക്സ് എന്നിവയുടെ ലിസ്റ്റിംഗ് 28നാണ്.