അബുദാബി: യുഎഇയിലെ അബുദാബി ഗ്യാസ് ലിക്വിഫക്ഷന്‍ കമ്പനി ലിമിറ്റഡ് (അഡ്‌നോക് എല്‍എന്‍ജി), ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജിസ് എന്നിവയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ദീര്‍ഘകാല ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ഇറക്കുമതി കരാറുകളില്‍ ഒപ്പുവച്ചു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‌സ്, യുഎഇ സന്ദര്ശന വേളയിലാണ് രണ്ട് കരാറുകളും ഒപ്പുവച്ചത്. രണ്ട് ഡീലുകള്‍ക്കും കീഴിലുള്ള വിതരണം 2026 മുതല്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ കമ്പനി അറിയിക്കുന്നു.
അഡ്‌നോക് എല്‍എന്‍ജി 14 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1.2 ദശലക്ഷം മെട്രിക് ടണ്‍ (ടിപിവൈ) വരെ എല്‍എന്‍ജി വിതരണം ചെയ്യുമ്പോള്‍ ടോട്ടല്‍ എനര്‍ജിസ് 0.8 ദശലക്ഷം ടിപിവൈ എല്‍എന്‍ജി ഐഒസിക്ക് നല്‍കും. 10 വര്‍ഷത്തെ കരാറാണ് ടോട്ടല്‍ എനര്‍ജിയുമായി ഒപ്പുവച്ചത്. അതിന്റെ ആഗോള പോര്‍ട്ട്‌ഫോളിയോയില്‍ നിന്നാണ് ടോട്ടല്‍ എനര്‍ജിസ് ഐഒസിക്ക് എല്‍എന്‍ജി ലഭ്യമാക്കുക.
ഊര്‍ജ്ജ മിശ്രിതത്തിലെ വാതകത്തിന്റെ വിഹിതം നിലവിലെ 6.2 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്താന്‍ രാജ്യം ആഗ്രഹിക്കുന്നതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ അവരുടെ ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇതിനായി ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കുകയും ഇറക്കുമതി കരാറുകള്‍ തേടുകയും ചെയ്യുന്നു.