
ഡൽഹി: രാജ്യത്തെ മുൻനിര എണ്ണ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലൂടെ (എൻസിഡി) 2,500 കോടി രൂപയുടെ കടം സമാഹരിച്ചതായി കമ്പനിയുടെ ഡയറക്ടറായ (ധനകാര്യം) സന്ദീപ് ഗുപ്ത വെള്ളിയാഴ്ച പറഞ്ഞു. സർക്കാർ ബോണ്ടുകളേക്കാൾ കുറഞ്ഞ പലിശ നിരക്കിലാണ് കമ്പനി കടം സമാഹരിച്ചത്.
ഇന്ത്യൻ ഓയിൽ 7.14 ശതമാനം വാർഷിക കൂപ്പണിൽ 5 വർഷത്തെ സുരക്ഷിതമല്ലാത്ത എൻസിഡികളുടെ ഇഷ്യുവഴിയാണ് കടം സമാഹരണം നടത്തിയതെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. ഈ കൂപ്പൺ നിരക്ക് സമാനമായ മെച്യൂരിറ്റിക്ക് ഗവണ്മെന്റ് സെക്യൂരിറ്റീസ് നൽകുന്ന വാർഷിക നിരക്കിനേക്കാൾ കുറവാണ്.
ഈ എൻസിഡികൾക്ക് ക്രിസിൽ എഎഎ റേറ്റ് നൽകിയിട്ടുണ്ട്. ഇതിൽ നിന്നുള്ള വരുമാനം മൂലധനച്ചെലവ് ഉൾപ്പെടെയുള്ള പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇഷ്യൂവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിട്ടയർമെന്റ് ഫണ്ടുകളും ബാങ്കുകളും ഉൾപ്പെടുന്ന നിക്ഷേപകർ അടിസ്ഥാന ഇഷ്യൂ വലുപ്പത്തിന്റെ 8 മടങ്ങ് അധികമായി സബ്‌സ്‌ക്രൈബ് ചെയ്തു.
സെപ്റ്റംബർ ആറിന് നിക്ഷേപകർക്ക് ബോണ്ടുകൾ അനുവദിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഐഒസി മുമ്പ് ഫെബ്രുവരിയിൽ 6.14 ശതമാനം കൂപ്പൺ നിരക്കിൽ ബോണ്ട് ഇഷ്യു വഴി 1,500 കോടി രൂപ സമാഹരിച്ചിരുന്നു.