
മുംബൈ: നടപ്പ് സാമ്പത്തികവർഷം ആദ്യ പത്തുമാസം പിന്നിടുമ്പോള്‍ രാജ്യത്തുനിന്നുള്ള ഐഫോണ്‍ കയറ്റുമതി ഒരുലക്ഷംകോടി രൂപ പിന്നിട്ടു. ആദ്യമായാണ് ഒരു സാമ്പത്തികവർഷം രാജ്യത്തുനിന്നുള്ള ഐഫോണ്‍ കയറ്റുമതി ഒരുലക്ഷംകോടി രൂപ കടക്കുന്നത്.
2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിലായി ഇന്ത്യയില്‍നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവില്‍ 76,000 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്.
2025 ജനുവരിയില്‍മാത്രം 19,000 കോടി രൂപയുടെ കയറ്റുമതി നടന്നതായി കമ്പനി വ്യക്തമാക്കി. ഡിസംബറില്‍ 14,000 കോടിയുടെ കയറ്റുമതിയാണ് നടന്നത്.
ഒരുമാസത്തെ ഉയർന്ന കയറ്റുമതിയുടെ ഈ റെക്കോഡാണ് ജനുവരിയില്‍ ആപ്പിള്‍ മറികടന്നത്. 2024 ഒക്ടോബറില്‍ ഐഫോണ്‍ 16 അവതരിപ്പിച്ചശേഷമാണ് കയറ്റുമതിയില്‍ വലിയ വർധന തുടങ്ങിയത്. ഐഫോണ്‍ 16 ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
അതിനുശേഷമുള്ള ഓരോ മാസവും 10,000 കോടി രൂപയിലധികം കയറ്റുമതി രേഖപ്പെടുത്തുന്നു. ഇതാണ് 2025 സാമ്പത്തികവർഷം പത്തുമാസംകൊണ്ട് ഐഫോണ്‍ കയറ്റുമതി ഒരുലക്ഷംകോടി കടക്കാൻ കമ്പനിയെ സഹായിച്ചത്.
ഫോക്സ്കോണ്‍, ടാറ്റ ഇലക്‌ട്രോണിക്സ്, പെഗാട്രോണ്‍ എന്നിങ്ങനെ മൂന്ന് കമ്പനികളാണ് ഇന്ത്യയില്‍ ഐഫോണുകള്‍ അസംബിള്‍ചെയ്യുന്നത്.
ഇതില്‍ പെഗാട്രോണിന്റെ 60 ശതമാനത്തോളം ഓഹരികള്‍ ടാറ്റ അടുത്തിടെ ഏറ്റെടുത്തിരുന്നു.