മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ബ്രാൻഡ് മൂല്യം കുതിക്കുന്നു. ഇപ്പോൾ 320 കോടി ഡോളറാണ് മൂല്യം. 2022ൽ 180 കോടി ഡോളർ ആയിരുന്നു മൂല്യം. 80 ശതമാനമാണ് വർധന. രാജ്യാന്തര ഇൻവെസ്റ്റ്മൻറ് ബാങ്കായ ഹൗലിഹാൻ ലോക്കിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ലീഗിൻെറ ബിസിനസ് എൻറർപ്രൈസിൻെറ മൂല്യം ഇപ്പോൾ 1,540 കോടി ഡോളറായി ആണ് ഉയർന്നിരിക്കുന്നത്. 2022 ലെ 850 കോടി ഡോളറിൽ നിന്നാണ് മൂല്യം കുതിച്ചുയർന്നത്. കളികളുടെ സംപ്രേക്ഷണാവകാശം നേടുന്നതിന് മാധ്യമ സ്ഥാപനങ്ങൾ നൽകിയ കണ്ണഞ്ചിപ്പിക്കുന്ന തുകയും മൂല്യത്തിലെ ഈ കുതിപ്പിന് കാരണമായി.
ഡിസ്നി സ്റ്റാർ ഉൾപ്പെടെ ഇതിന് ആക്കം കൂട്ടി. 2008 മുതൽ 2023 വരെ പ്രീമിയർ ലീഗ് സംപ്രേഷണം ചെയ്യുന്നതിനുള്ള മാധ്യമങ്ങളുടെ അവകാശ മൂല്യവും കുതിച്ചുയർന്നിട്ടുണ്ട്. 18 ശതമാനമാണ് വളർച്ച. അതേസമയം 2017 നും 2023 നും ഇടയിലുള്ള വളർച്ച ഏകദേശം 196 ശതമാനം ആണ്.
വിജയത്തിന് പിന്നിൽ
ഓരോ മത്സരത്തിൻെറയും അടിസ്ഥാനത്തിൽ താരതമ്യം ചെയ്താൽ ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ബ്രോഡ്കാസ്റ്റിംഗ് ഫീസ് ലോകത്തിലെ മറ്റ് പ്രൊഫഷണൽ ലീഗുകളേക്കാൾ വളരെ കൂടുതലാണ്.
ഇന്ത്യയിലെ പ്രധാന തത്സമയ വിനോദ പരിപാടിയായതിനാൽ ഐപിഎല്ലിന് കൂടുതൽ സ്വീകാര്യത ഏറുന്നുണ്ട്. സിനിമാ തിയേറ്ററുകൾ പ്രതിസന്ധി നേരിടുകയും ഒടിടി പ്ലാറ്റ്‍ഫോമുകളുടെ കടന്നു വരവോടെ തിയറ്ററിൽ പോയുള്ള സിനിമ കാണൽ കുറയുകയും ചെയ്യുന്നുണ്ട്.
അതേസമയം ഉപഭോക്താക്കൾ ഐപിഎൽ തത്സമയം കാണുന്നതിനായി സമയം ചെലവഴിക്കുന്നുമുണ്ട്. ഐപിഎല്ലിൻെറ തുടർച്ചയായ വിജയത്തിന് കാരണങ്ങളുമുണ്ട്. ഒന്ന് ബിസിസിഐയുടെയും ഐസിസിയുടെയും പൂർണ്ണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ഇത് ഐപിഎൽ കൂടുതൽ ജനശ്രദ്ധ ആകർഷിക്കാനും കാഴ്ചക്കാർ കൂടാനും കാരണമായി.
ഐപിഎല്ലിലേക്ക് ഒഴുകുന്ന പണവും താരമൂല്യവുമാണ് മറ്റൊരു ആകർഷണം. ജീവിതകാലം മുഴുവൻ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ തുകയാണ് ലീഗ് കളിക്കാർ വാരുന്നത്. അതുകൊണ്ട് നിരവധി താരങ്ങൾ ഐപിഎല്ലിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്.
രാജ്യാന്തര താരങ്ങളും ആരാധകരെ ആകർഷിക്കുന്നു. വമ്പൻ ബ്രാൻഡ് മൂല്യമുള്ള വിരാട് കോലി, എംഎസ് ധോണി തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം ലീഗിൻെറ ജനപ്രീതി വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ബ്രാൻഡ് മൂല്യത്തിൽ ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സാണ് ഒന്നാം സ്ഥാനത്ത്. 21.2 കോടി ഡോളർ ആണ് മൂല്യം.
പരസ്യദാതാക്കൾക്ക് ബ്രാൻഡ് പ്രമോഷന് മികച്ച അവസരമാണെന്നത് അവർക്കും നേട്ടമാണ്. ലീഗിൽ പരസ്യത്തിനായി ഫണ്ട് നീക്കിവെക്കുകയാണെങ്കിൽ ബ്രാൻഡ് കാഴ്ചക്കാർ ഏറ്റെടുക്കും എന്നൊരു വിശ്വാസവുമുണ്ട്.
മാർക്കറ്റ് റിസർച്ച് സ്ഥാപനമായ റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടൻറ്സിൻെറ കണക്കനുസരിച്ച് 2023-ലെ ഐപിഎലിൽ നിന്നുള്ള പരസ്യ വരുമാനം 10,120 കോടി രൂപയാണ്.