ഓഹരി വിപണിയിൽ വെള്ളിയാഴ്ച ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട് വന്ന പ്രധാന വാർത്തകളിലൊന്ന് ടാറ്റ ടെക്നോളജീസിന്റെ പ്രാരംഭ ഓഹരി വില്പന (ഐപിഒ)യാണ്. ടാറ്റ മോട്ടോഴ്സിന് കീഴിലുള്ള ടാറ്റ ടെക്നോളജീസ് വെള്ളിയാഴ്ചയാണ് ഐപിഒ രേഖകൾ സെബിക്ക് സമർപ്പിച്ചത്.
2004-ൽ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ ഐപിഒയ്ക്ക് ശേഷം പൊതുവിപണിയിലേക്ക് എത്തുന്ന ആദ്യ ടാറ്റ കമ്പനിയായതിനാൽ നിക്ഷേപകർക്കിടയിൽ വലിയ താല്പര്യം സ്വാഭാവികമാണ്.
ഈ താല്പര്യം കാണിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഐപിഒയ്ക്ക് മുന്നോടിയായി തന്നെ ടാറ്റ ടെക്ക്നോളജീസ് ഓഹരികള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നിക്ഷേപകര്‍ ആരംഭിച്ചിട്ടുണ്ട്. ഐപിഒ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ അണ്‍ലിസ്റ്റഡ് ഓഹരികള്‍ വാങ്ങാന്‍ വലിയ അന്വേഷണങ്ങളെത്തുന്നതായി ഡീലർമാർ പറയുന്നു.
ടാറ്റ ടെക്നോളജീസ് ഐപിഒ
ടാറ്റ ഗ്രൂപ്പിന്റെ എൻനീയറിംഗ്, ഡിസൈന്‍ വിഭാഗമായ ഉപ കമ്പനിയാണ് ടാറ്റ ടെക്നോളജീസ്. എൻജിനീയറിംഗ്, ഡിജിറ്റൽ സേവന കമ്പനി എന്ന നിലയിൽ, മികച്ച ഉത്പ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യയും പരമ്പരാഗത എൻജിനീയറിംഗും സംയോജിപ്പിച്ച സേവനങ്ങളാണ് കമ്പനി നൽകുന്നത്.
പ്രമോട്ടർമാരുടെ കയ്യിലെ ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ വഴി 9.57 കോടി ഓഹരികളാണ് കമ്പനി ഐപിഒയിലൂടെ നിക്ഷേപരിലേക്ക് എത്തിക്കുന്നത്. കമ്പനിയുടെ ആകെ ഓഹരികളുടെ 23.6 ശതമാനം വരുമിത്.
ടാറ്റ ടെക്നോളജീസിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ ടാറ്റ മോട്ടോഴ്സിന്റെ 8,11,33,706 ഓഹരികളും ആൽഫ ടിസി ഹോൾഡിംഗിന്റെ 97,16,853 ഓഹരികളും ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ടിന്റെ 48,58,425 ഓഹരികളുമാണ് ഐപിഒയിലേക്ക് എത്തുന്നത്.
മൊത്തെ 9,57,08,984 ഓഹരികൾ. നിലവില്‍, ടാറ്റ മോട്ടോഴ്സിന് കമ്പനിയില്‍ 74.69 ശതമാനം ഓഹരിയുണ്ട്, ആല്‍ഫ ടിസി ഹോള്‍ഡിംഗ്സിന് 7.26 ശതമാനവും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന് 3.63 ശതമാനം ഓഹരിയുമുണ്ട്.
അൺലിസ്റ്റഡ് മാർക്കറ്റിൽ ആവശ്യക്കാരേറെ
ടാറ്റ ടെക്‌നോളജീസ് ഓഹരികള്‍ നിലവില്‍ 750-800 രൂപ നിലവാരത്തിലാണ് വില്പന നടക്കുന്നതെന്ന് അണ്‍ ലിസ്റ്റഡ് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഡീലര്‍മാരെ ഉദ്ധരിച്ച് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 1 വര്‍ഷത്തിനിടെ മള്‍ട്ടിബാഗര്‍ റിട്ടേണാണ് ടാറ്റ ടെക്നോളജീസ് ഓഹരി നിക്ഷേപകർക്ക് നൽകിയത്.
1 വര്‍ഷം മുന്‍പ് 400 രൂപ നിലയില്‍ നിന്ന് 100 ശതമാനം വളർച്ചയാണ് ഓഹരിക്കുണ്ടായത്. ഈയിടെ ടാറ്റ ടെക്‌നോളജീസ് ഓഹരികള്‍ 1:5 അനുപാതത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചിരുന്നു. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിച്ചു.
ഇതോടൊപ്പം 1:1 അനുപാതത്തില്‍ ബോണസ് ഓഹരികളും നല്‍കി. ഇതോടെ പത്ത് ഓഹരികൾ ലഭിക്കുന്ന സ്ഥിതിയുണ്ടായി.
ഐപിഒ വില?
ശക്തമായ അടിത്തറയും കരുത്തുറ്റ പ്രകടനവും ടാറ്റ ഗ്രൂപ്പിന്റെ രക്ഷാകര്‍തൃത്വവും തന്നെയാണ് ടാറ്റ ടെക്നോളജീസിന് ആവശ്യക്കാരേറാൻ കാരണമെന്ന് അണ്‍ലിസ്റ്റഡ് സോണിന്റെ സഹസ്ഥാപകന്‍ ദിനേഷ് ഗുപ്ത പറഞ്ഞു. നിലവിലെ ഓഹരിയുടെ 800 രൂപ വില ഉയർന്നതാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തുന്നത്.
ഇതിനാൽ ഐപിഒ വില നിലവിലെ വിപണി വിലകളില്‍ നിന്ന് കുറഞ്ഞ വിലയിൽ ആയിരിക്കുമെന്നാണ് ദിനേഷ് ഗുപ്ത പറയുന്നു.
കമ്പനിയുടെ സാമ്പത്തിക നില, ബിസിനസ് മോഡല്‍, പാരമ്പര്യം എന്നിവയെക്കുറിച്ച് സംശയങ്ങളില്ലെങ്കിലും ഐപിഒ വിലയെ നിശ്ചയിക്കുന്നത് പല ഘടകങ്ങളുണ്ടെന്ന് ധാരാവത്ത് സെക്യൂരിറ്റീസ് സ്ഥാപകൻ നരോത്തം ധാരാവത്തും സൂചിപ്പിക്കുന്നു.
ഐപിഒയിൽ വില്‍ക്കുന്ന ഓഹരികളുടെ എണ്ണം താരതമ്യേന കുറവാണ്. ഇത് നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുള്ള ഡിമാന്റ് സൃഷ്യടിക്കും. ഇതിനാലാണ് ദീര്‍ഘകാല നിക്ഷേപം പരിഗണിക്കുന്നവർ സ്വകാര്യ വിപണിയില്‍ നിന്ന് വാങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തികം
നിക്ഷേപത്തിന് മുൻപ് കമ്പനിയുടെ സാമ്പത്തികം പരിഗണിക്കേണ്ടതാണ്. സെബിക്ക് സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രൊസ്പെക്ടേഴ്സ് പ്രകാരം 2022 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 3529.6 കോടി രൂപയുടെ വരുമാനവും 645.6 കോടി രൂപയുടെ പ്രവർത്തന ലാഭവും 437 കോടി രൂപ നികുതി കിഴിച്ചുള്ള ലാഭവും കമ്പനിക്കുണ്ട്.
2023 സാമ്പത്തിക വർഷത്തിൽ 2022 ഡിസംബർ 31വരെയുള്ള ഒമ്പത് മാസ കാലയളവിൽ 3011.7 കോടി രൂപയുടെ വരുമാനം കമ്പനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ 2607.3 കോടി രൂപയായിരുന്നു വരുമാനം.
2023 സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസത്തെ നികുതിക്ക് ശേഷമുള്ള ലാഭം 407.4 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ നികുതിക്ക് ശേഷമുള്ള ലാഭം 331.3 കോടി രൂപയായിരുന്നു.