
ന്യൂഡല്‍ഹി: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) യ്ക്ക് ഒരുങ്ങുന്ന ടെക് ട്രാവല്‍ കമ്പനി ഓയോ രണ്ടാം പാദത്തില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. ആദ്യ പാദത്തെ അപേക്ഷിച്ച് നഷ്ടം 333 കോടി രൂപയായി കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു. മുന്‍ പാദത്തില്‍ 414 കോടി രൂപയായിരുന്നു നഷ്ടം.
ക്രമീകരിക്കപ്പെട്ട എബിറ്റ 7 കോടിരൂപയില്‍ നിന്നും 56 കോടി രൂപയായി ഉയര്‍ത്താനുമായി. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യ്ക്ക് മുന്നില്‍ സമര്‍പ്പിച്ച അര്‍ദ്ധ വര്‍ഷ ഫലങ്ങളിലാണ് ഈ കണക്കുകളുള്ളത്. അര്‍ദ്ധവര്‍ഷ വരുമാനം 24 ശതമാനം ഉയര്‍ന്നതായും കണക്കുകള്‍ കാണിക്കുന്നു.
ബുക്കിംഗ് മൂല്യങ്ങളില്‍ (ജിബിവി) 69 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.ഓരോ ഹോട്ടലില്‍ നിന്നും കമ്പനിക്ക് ലഭിക്കുന്ന പ്രതിമാസ വരുമാനമാണ് ജിബിവി. അതേസമയം,ചെലവുകള്‍ വര്‍ദ്ധിക്കുന്ന പ്രവണത ഇത്തവണയും തുടര്‍ന്നു.
വിപണന, പ്രമോഷണല്‍ ചെലവുകള്‍ 19 ശതമാനം ഉയര്‍ന്ന് 400 കോടി രൂപയിലെത്തുകയായിരുന്നു. ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കിയ കണക്കില്‍ 5 ശതമാനം വര്‍ദ്ധനവുമുണ്ടായി. ഇന്ത്യ, യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ 35 രാജ്യങ്ങളിലായി 157,000 ഹോട്ടലുകളും സ്‌റ്റോര്‍ഫ്രണ്ടുകളുമാണ് നിലവില്‍ ഓയോ പ്രവര്‍ത്തിപ്പിക്കുന്നത്.
അനീതി കലര്‍ന്ന ബിസിനസ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) 168.88 കോടി പിഴ ചുമത്തിയതിന് പിന്നാലെയാണ് കമ്പനി പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചിരിക്കയാണ് കമ്പനി. 7000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1430 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്.
2012 ല്‍ റിതേഷ് അഗര്‍വാള്‍ സ്ഥാപിച്ച ഓയോ 2023 ല്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചേക്കും.