മുംബൈ: അടുത്ത രണ്ട് മാസങ്ങളിലായി 30,000 കോടി രൂപ ധനസമാഹരണം ലക്ഷ്യമിട്ട് രണ്ട് ഡസനിലേറെ കമ്പനികള്‍ ഐപിഒകളുമായി എത്തുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ ബിസിനസ് സൗഹൃദപരമായ നയങ്ങളുടെ തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷ ഐപിഒ വിപണിക്ക് ഉന്മേഷം പകരുമെന്നാണ് കരുതുന്നത്.
അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അല്ലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ്, ആശിര്‍വാദ് മൈക്രോഫിനാന്‍സ്, സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സ്, വാറീ എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ്, ശിവ ഫാര്‍മചെം, ബന്‍സാല്‍ വയര്‍ ഇന്റസ്‌ട്രീസ്, വണ്‍ മൊബിക്വിക് സിസ്റ്റംസ്, സിജെ ഡാര്‍ക്‌ള്‍ ലോജിസ്റ്റിക്‌സ് തുടങ്ങിയ കമ്പനികള്‍ അടുത്ത ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഐപിഒകള്‍ വിപണിയിലെത്തിക്കും.
സെബിയില്‍ നിന്നും ഐപിഒയ്‌ക്ക് അനുമതി ലഭിച്ച 18 കമ്പനികള്‍ മൊത്തം 20,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 37 കമ്പനികള്‍ ഐപിഒയ്‌ക്ക് അനുമതി തേടി സെബിയെ സമീപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിനു ശേഷം വിപണിയിലെത്തിയ ആദ്യത്തെ ഐപിഒ ആയ ഇക്‌സിഗോ തിങ്കളാഴ്‌ച തുടങ്ങിയതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ചെറുകിട നിക്ഷേപകരില്‍ നിന്നും ശക്തമായ ഡിമാന്റാണ് ഉണ്ടായത്.
കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ ചെലവിടുകയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഹരി വിപണിയിലേക്ക് ഇന്ത്യന്‍ നിക്ഷേപകരുടെ പണം ഒഴുകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികള്‍ ഐപിഒകളുമായി എത്താനാണ് സാധ്യത. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഉല്‍പ്പാദകരായ അല്ലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സിന്റെ ഐപിഒ ജൂണ്‍ രണ്ടാം പകുതിയില്‍ നടന്നേക്കും. 1500 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്.
ഓഫീസേഴ്‌സ് ചോയിസ്, സ്റ്റെര്‍ലിംഗ് റിസര്‍വ് വിസ്‌കി തുടങ്ങിയ ബ്രാന്റുകളിലൂടെ പ്രശസ്‌തരായ അല്ലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ജനുവരിയില്‍ ഐപിഒക്ക് അപേക്ഷ നല്‍കിയ കമ്പനിക്ക് മെയിലാണ് സെബിയില്‍ നിന്നും അനുമതി ലഭിച്ചത്.
ഔഷധ ഉല്‍പ്പാദകരായ എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഈ മാസം അവസാനത്തോടെ ഐപിഒയുമായി എത്തിയേക്കും. 2300 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. ഓല ഇലക്‌ട്രിക്കിന്റെ 5500 കോടി രൂപയുടെ ഐപിഒ അടുത്ത ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ നടന്നേക്കും.