ഈ വര്‍ഷം ലിസ്റ്റ് ചെയ്‌ത ഐപിഒകള്‍ ഓഹരി വിപണി ഇടിഞ്ഞപ്പോഴും വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. ഐപിഒ വിപണിയിലെ ബുള്‍ റണ്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ വിപണിയില്‍ അരങ്ങേറ്റം കുറിച്ച 23 ഓഹരികള്‍ അവയുടെ ഓഫര്‍ വിലയേക്കാള്‍ ശരാശരി 15 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം നിഫ്‌റ്റി 50 സൂചിക രണ്ട് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന ആശങ്കകള്‍ കാരണം നിഫ്‌റ്റി 2001 ന് ശേഷം ഒരു മാസത്തെ ഏറ്റവും വലിയ ഇടിവാണ് ജനുവരിയില്‍ നേരിട്ടത്. അതേ സമയം ഐപിഒ വിപണി സജീവമായി തുടരുന്നു. നിലവില്‍ 60ല്‍ അധികം ഐപിഒ അപേക്ഷകള്‍ തങ്ങള്‍ പരിഗണിച്ചുവരികയാണെന്നാണ് സെബി അറിയിച്ചത്.
ഈ വര്‍ഷം ഇന്ത്യയിലെ പ്രാരംഭ ഓഹരി വില്‍പ്പന 2500 കോടി ഡോളര്‍ മുതല്‍ 3000 കോടി ഡോളര്‍ വരെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റെക്കോഡിനെ മറികടക്കുമെന്നാണ് സൂചന. 2024ല്‍ റെക്കോഡ് സൃഷ്‌ടിച്ച ഐപിഒ വിപണി 2100 കോടി ഡോളറാണ് ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചത്.
കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്‌ത വലിയ കമ്പനികളില്‍ ചിലത് വിപണിയിലുണ്ടായ വില്‍പ്പന സമ്മര്‍ദത്തിന്റെ പിടിയില്‍ പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി ലിസ്റ്റിംഗിനു ശേഷം കൈവരിച്ച 53 ശതമാനം നേട്ടം ഏതാണ്ട് മുഴുവന്‍ വിപണിയിലെ വില്‍പ്പന മൂലം ഇല്ലാതായി.
ഒക്ടോബറില്‍ രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ ഐപിഒ നടത്തിയ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ ലിസ്റ്റിംഗിനു ശേഷം ഐപിഒ വിലയ്‌ക്ക് മുകളില്‍ വ്യാപാരം നടത്തിയിട്ടില്ല.
2025ല്‍ ഇതുവരെയുള്ള ഐപിഒകളില്‍ ഭൂരിഭാഗവും ചെറുതായിരുന്നു. ഒന്ന് ഒഴികെ മറ്റെല്ലാം തന്നെ 100 ദശലക്ഷം ഡോളറിന് താഴെയാണ് സമാഹരിച്ചത്. ഇനി വരാനിരിക്കുന്ന വലിയ ഐപിഒകളില്‍ ഉള്‍പ്പെടുന്നത് ദക്ഷിണ കൊറിയന്‍ കമ്പനി ആയ എല്‍ജി ഇലക്ട്രോണിക്‌സ് ആണ്.
ഈ ഐപിഒ 100 കോടി ഡോളറിലേറെ സമാഹരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സബ്‌സിഡറിയായ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഈ വര്‍ഷം 150 കോടി ഡോളര്‍ ഐപിഒ വഴി സമാഹരിക്കും.