ഡൽഹി: റെയിൽവേയുടെ കാറ്ററിംഗ്, ടിക്കറ്റിംഗ് വിഭാഗമായ ഐആർസിടിസി തങ്ങളുടെ യാത്രക്കാരുടെയും ചരക്ക് ഉപഭോക്തൃ വിവരങ്ങളുടെയും ധനസമ്പാദനത്തിനായി കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള വിവാദ ടെൻഡർ പിൻവലിച്ചതായി അധികൃതർ അറിയിച്ചു. ഈ ടെൻഡർ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ ഇൻഫർമേഷൻ ടെക്‌നോളജി സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയെയാണ് ഐആർസിടിസി ഈ കാര്യം അറിയിച്ചത്.
ഡിജിറ്റൽ ഡാറ്റ മോണിറ്റൈസേഷനായി കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെൻഡർ സംബന്ധിച്ച പിടിഐ റിപ്പോർട്ടിനെ തുടർന്ന് ഐആർസിടിസി ഉദ്യോഗസ്ഥരെ പാർലമെന്ററി പാനൽ വിളിച്ച് വരുത്തിയിരുന്നു. ഇതേ തുടർന്ന് ഐആർസിടിസി എംഡിയും ചെയർപേഴ്‌സണുമായ രജനി ഹസിജ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം പാനലിന് മുന്നിൽ ഹാജരായിരുന്നു.
ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഐആർസിടിസി ടെൻഡർ പിൻവലിച്ചതായി ഐആർസിടിസി ഉദ്യോഗസ്ഥർ പാനലിനെ അറിയിച്ചു. പാനൽ ഹിയറിംഗിന് മുന്നോടിയായി വെള്ളിയാഴ്ച നടന്ന ഐആർസിടിസി വാർഷിക പൊതുയോഗത്തിലാണ് ടെൻഡർ പിൻവലിക്കാനുള്ള തീരുമാനമെടുത്തത്.
ടെൻഡർ ഡോക്യുമെന്റ് അനുസരിച്ച് കൈമാറ്റം ചെയ്യുന്ന ഡാറ്റയിൽ ഉപഭോക്താവിന്റെ പേര്, പ്രായം, മൊബൈൽ നമ്പർ, ലിംഗം, വിലാസം, ഇ-മെയിൽ ഐഡി, യാത്രയുടെ ക്ലാസ്, പേയ്‌മെന്റ് മോഡ്, എന്നിങ്ങനെയുള്ള വിവിധ പൊതു-മുഖ ആപ്ലിക്കേഷനുകൾ ക്യാപ്‌ചർ ചെയ്‌ത വിവരങ്ങൾ ഉൾപ്പെടും. ഐആർസിടിസിക്ക് നിലവിൽ 10 കോടിയിലധികം വരുന്ന ഉപയോക്താക്കളുണ്ട്, അതിൽ 7.5 കോടിയും സജീവ ഉപഭോക്താക്കളാണ്.