ന്യൂഡൽഹി: വാഹന ഇൻഷുറൻസ് വിതരണക്കാർക്ക് ഉയർന്ന കമ്മീഷൻ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ).
നോണ്‍ ലൈഫ് ഇൻഷുറൻസ് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ‘ഓണ്‍ ഡാമേജ്’ പരിരക്ഷക്ക് ഉയർന്ന കമ്മീഷൻ നല്‍കുന്നതായി വ്യക്തമാക്കിയത്. ഇതിന് തെളിവായി കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
മോട്ടോർ ഇൻഷുറൻസ് സേവന ദാതാക്കള്‍ക്ക്(എംഐഎസ്പി) 25 ശതമാനം മുതല്‍ 57 ശതമാനംവരെ കമ്മീഷൻ നല്‍കുന്നുണ്ടെന്നായിരുന്നു ഐആർഡിഎഐയുടെ കണ്ടെത്തല്‍.
ഇൻഷുറൻസ് പ്രീമയത്തിന്മേല്‍ അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് റെഗുലേറ്റർ വ്യക്തമാക്കി. ഉയർന്ന കമ്മീഷൻ നല്‍കുന്നതിലൂടെ പ്രീമിയം തുകയില്‍ കാര്യമായ വർധനവുണ്ടാകുന്നു. കമ്മീഷൻ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ അതിന്റെ നേട്ടം വാഹന ഉടമകള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം.
രാജ്യത്തെ ജിഡിപിയുടെ 7.1 ശതമാനം സംഭാവന ചെയ്യുന്നത് വാഹന വ്യവസായമാണ്. വാഹന വിപണിയുടെ മൂന്നേറ്റം മോട്ടോർ ഇൻഷുറൻസ് മേഖലയുടെ വളർച്ചക്കും കാരണമായി. ജനറല്‍ ഇൻഷുറൻസ് കമ്പനികളുടെ മൊത്തം ബിസിനസിന്റെ 45 ശതമാനം വിഹിതവും വാഹന മേഖയില്‍നിന്നാണ്.
വാഹന നിർമാതാക്കളുടെ അനുബന്ധ വിതരണ കമ്പനികള്‍ വഴി ഇൻഷുറൻസ് പോളിസികള്‍ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കുന്ന സാഹചര്യം നേരിത്തെയുണ്ടായിരുന്നു. ഐആർഡിഎഐ ഇടപെട്ടതിനെ തുടർന്നാണ് ഇതിന് മാറ്റംവന്നത്.
ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്ന് മാർഗ നിർദേശങ്ങള്‍ അവലോകനം ചെയ്യാൻ 2019ല്‍ സമതി രൂപീകരിച്ചിരുന്നു. 2021 ജനുവരിയില്‍ സമതി നല്‍കിയ റിപ്പോർട്ട് നല്‍കുകയും ചെയ്തു.
വിവിധ ഇൻഷുറൻസ് കമ്പനികളില്‍നിന്നുള്ള മോട്ടോർ ഇൻഷുറൻസ് പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതില്‍ വൻകിട ഇടനിലക്കാർ(എംഐഎസ്പികള്‍) പരാജയപ്പെട്ടതായി സമിതി വിലയിരുത്തിയിരുന്നു.
വൻകിട ഇടനിലക്കാർ വഴി ഇൻഷുറൻസ് എടുക്കാത്തവർക്ക് കാഷ്ലെസ് ക്ലെയിം നിഷേധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് കോടി രൂപയാണ് വൻകിട വാഹന നിർമാണക്കമ്പനിയുമായി ബന്ധപ്പെട്ട അനുബന്ധ ഇൻഷുറൻസ് സ്ഥാപനത്തിന് ഐആർഡിഎഐ പിഴ ചുമത്തിയത്.
നേരിട്ട് വാങ്ങാം
ഇടനിലക്കാർക്കുള്ള കമ്മീഷൻ കുറയ്ക്കുന്നതിനും നേരിട്ട് ഇൻഷുറൻസ് എടുക്കുന്നതിനും ഇൻഷുറൻസ് പോളിസികള്‍ക്കായി സമഗ്രമായ ഡിജിറ്റല്‍ വിപണി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇൻഷുറൻസ് റെഗുലേറ്റർ.
അതിനുള്ള ഓണ്‍ലൈൻ പ്ലാറ്റ്ഫോം ആയ ‘ബീമാ സുഗം’ 2025 ഏപ്രിലില്‍ നിലവില്‍വരും. മത്സരവും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒന്നിലധികം ഇൻഷുറൻസ് കമ്പനികളില്‍നിന്നുള്ള ഓഫറുകള്‍ നേടനും താരതമ്യം ചെയ്ത് കമ്മീഷൻ ഒഴിവാക്കി പോളിസി എടുക്കാനും കഴിയുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.