ന്യൂഡൽഹി: 2047ഓടെ രാജ്യത്ത് എല്ലാവർക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം കണാനായി ഇൻഷ്വറൻസ് രംഗത്ത് ഒട്ടേറെ നിർദേശങ്ങൾക്ക് പച്ചക്കൊടിവീശി ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ (ഐആർഡിഎഐ).
വാണിജ്യബാങ്കുകൾക്ക് ഇനിമുതൽ ഇടപാടുകാർക്ക് ഇൻഷ്വറൻസ് പോളിസികൾ ലഭ്യമാക്കാനായി 9 ഇൻഷ്വറൻസ് കമ്പനികളുമായി സഹകരിക്കാമെന്ന നിർദേശമാണ് പ്രധാനം. നിലവിൽ മൂന്ന് കമ്പനികളുമായി സഹകരിക്കാനേ അനുവാദമുള്ളൂ.
ലൈഫ്, ജനറൽ, ഹെൽത്ത് ഇൻഷ്വറൻസ് ബ്രോക്കർമാർക്ക് ആറ് ഇൻഷ്വറൻസ് കമ്പനികളുമായും കൈകോർക്കാം; നിലവിൽ ഇത് രണ്ടാണ്.
നിക്ഷേപകർക്ക് എസ്.പി.വി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) വഴി ഇൻഷ്വറൻസ് കമ്പനികളിൽ ഇനി നേരിട്ട് നിക്ഷേപം നടത്താം. പ്രമോട്ടർമാരാകാതെ തന്നെ ഇൻഷ്വറൻസ് കമ്പനികളിൽ 25 ശതമാനംവരെ ഓഹരികളും സ്വന്തമാക്കാം.
ലിസ്‌റ്റഡ് കമ്പനികളുടെ പ്രമോട്ടർമാർക്ക് നിബന്ധനകളോടെ പരമാവധി 26 ശതമാനം വരെ ഓഹരികൾ വിറ്റഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.
ഇൻഷ്വറൻസ് രംഗത്തെ കമ്പനികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന മാറ്റങ്ങളാണ് ഐ.ആർ.ഡി.എ.ഐ ഒറ്റയടിക്ക് അംഗീകരിച്ചത്. ഐ.ആർ.ഡി.എ.ഐയുടെ മുൻകൂർ അനുവാദം വാങ്ങാതെ നിബന്ധനകളോടെ കടപ്പത്ര, ഓഹരിവില്പനയിലൂടെ മൂലധനം സമാഹരിക്കാനും ഇനി കമ്പനികൾക്ക് കഴിയും.
എക്‌സൈഡ് ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയുടെ ലയനം, ഗോ-ഡിജിറ്റ് ജനറൽ ഇൻഷ്വറൻസ് കമ്പനിയുടെ ഐപിഒ എന്നിവയ്ക്ക് അനുമതി നൽകിയതുൾപ്പെടെയുള്ള തീരുമാനങ്ങളും ഇന്നലെ ഐആർഡിഎഐ കൈക്കൊണ്ടു.