ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ പൂര്‍ണമായും കാഷ്‌ലെസായി തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).
നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ക്ലെയിം തുകയുടെ 10 ശതമാനം ഈടാക്കാറുണ്ട്. ഇതില്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഐആര്‍ഡിഎഐ ചെയര്‍മാന്‍ ദേബശിഷ് പാണ്ഡെ വ്യക്തമാക്കി.
കൂടാതെ, നിരവധി ആശുപത്രികള്‍ കാഷ്‌ലെസ് ആശുപത്രിവാസത്തിനും അനുവദിക്കാറില്ല. പോളിസിയില്‍ ഈ ആനുകൂല്യം നല്‍കുന്നുണ്ടെങ്കില്‍ കൂടി ആശുപത്രികള്‍ നല്‍കാറില്ലെന്നും ഈ സാഹചര്യത്തിനും മാറ്റം വരേണ്ടതുണ്ട്.
ഇതിനായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി, ഇന്‍ഷുറന്‍സ് കൗണ്‍സില്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കവെ ചെയര്‍മാന്‍ പറഞ്ഞു.
കൂടാതെ, പ്രായമായവര്‍ക്ക് മികച്ചതും താങ്ങാനാകുന്ന നിരക്കിലുള്ളതുമായ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കാനും ഐആര്‍ഡിഎഐ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ മെഡിക്ലെയിം പോളിസികളുടെ നിരക്ക് പ്രായമായവര്‍ക്ക് താങ്ങാനാകുന്നതിലും അധികമാണ്.
2047 അതായത് ഇന്ത്യ സ്വാതന്ത്ര്യം നേടി 100 വര്‍ഷമാകുമ്പോഴേക്കും എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഐആര്‍ഡിഎഐ.
എന്നാല്‍ അതിനു മുമ്പ് ഈ ലക്ഷ്യം നേടാനാകുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.