മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മൂത്ത മകൾ ഇഷ അംബാനിയെയും ഇന്ത്യയുടെ മുൻ സിഎജി രാജീവ് മെഹ്‌റിഷിയെയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഫിനാൻഷ്യൽ സർവീസ് യൂണിറ്റ് ബോർഡിന്റെ ഡയറക്ടർമാരായി നിയമിച്ചു.
ശനിയാഴ്ചയാണ് ഇരുവരെയും ബോർഡിലേക്ക് തിരഞ്ഞെടുത്തത്. ജൂലൈ ഏഴിന് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ പുതിയ ഡയറക്ടർമാരെ നിയമിക്കുന്നതിന് അംഗീകാരം നൽകി.
ഇഷ അംബാനിയെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് നിയമിച്ചത്. ഇഷയെ കൂടാതെ റിലയൻസ് എക്‌സിക്യൂട്ടീവായ അൻഷുമാൻ താക്കൂറിനെയും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.
രാജീവ് മെഹ്റിനെ അഞ്ച് വർഷത്തേക്ക് ആർഎസ്‌ഐഎല്ലിന്റെ സ്വതന്ത്ര ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയായും സിഎജിയായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് മെഹ്‌റിഷി.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് സുനിൽ മേത്ത, പിഡബ്ല്യുസി ചാർട്ടേഡ് അക്കൗണ്ടന്റ് ബിമൽ മനു തന്ന എന്നിവരെയും സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു.
‘ഡയറക്ടർമാരുടെ നിയമനം ആർഎസ്‌ഐഎൽ അംഗങ്ങളുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അംഗീകാരത്തിന് വിധേയമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്ന തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരും,’ ആർഎസ്‌ഐഎൽ വക്താക്കൾ അറിയിച്ചു.
ബാങ്കർ ഹിതേഷ് കുമാർ സേത്തിയയെ മൂന്ന് വർഷത്തേക്ക് ആർഎസ്ഐഎൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാക്കി നിയമിച്ചു.
യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവ പരിചയമുള്ള ഒരു ഫിനാൻഷ്യൽ സർവീസ് എക്സിക്യൂട്ടീവാണ് ഹിതേഷ് സേത്തിയ.