
ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്നിനെ ഉണർത്തുന്നത് ഇന്നത്തേക്ക് മാറ്റി. സൂര്യപ്രകാശം നഷ്ടമായതോടെ ചന്ദ്രോപരിതലത്തിലെ ദക്ഷിണ ധ്രുവത്തിൽ മയക്കം തുടങ്ങിയ ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രഗ്യാൻ റോവറെയും വിക്രം ലാൻഡറെയും ഉണർത്തുന്നത് ശനിയാഴ്ചത്തേയ്ക്ക് നീട്ടിയതായി സാക് ഡയറക്ടർ നീലേഷ് ദേശായി പറഞ്ഞു.
ഇന്നലെയായിരുന്നു ചന്ദ്രയാൻ മൂന്നിനെ ഉണർത്താൻ പദ്ധതിയിട്ടിരുന്നത്. ഒരു ചാന്ദ്രരാത്രി(14 ഭൗമദിനങ്ങൾ) പൂർത്തിയാക്കി, സൂര്യപ്രകാശം വീണ്ടും ചന്ദ്രനെ പുൽകിയതോടെയാണ് ദൗത്യത്തിലെ മൊഡ്യൂളുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ ഐഎസ്ആർഒ ശ്രമങ്ങൾ ആരംഭിച്ചത്.
മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്ന അവസ്ഥ പിന്നിട്ട ശേഷം ബുധനാഴ്ചയാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്തിത്തുടങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സൂര്യപ്രകാശം ഏറ്റവും തീവ്രമായ അവസ്ഥയിൽ എത്തുക.
ഈ സമയത്ത് മൊഡ്യൂളുകളിലെ സൗരോർജ പാനലുകൾ പ്രവർത്തിപ്പിച്ച് അവയെ സ്ലീപ് മോഡിൽ നിന്ന് പുറത്തെത്തിക്കാനാകും ഐഎസ്ആർഒ ശ്രമിക്കുക.
എന്നാൽ ഇതിനുള്ള സാധ്യത വിരളമാണെന്നും പ്രഗ്യാനും വിക്രമും നിദ്ര തുടരാനാണ് സാധ്യതയെന്നും ഐഎസ്ആർഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.