
ന്യൂഡല്‍ഹി: ഐ.എസ്.ആർ.ഒ.യുടെ മൂന്നാം വിക്ഷേപണത്തറ (ലോഞ്ച് പാഡ്) ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററില്‍ സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
3984.86 കോടി രൂപ ചെലവില്‍ നിർമിക്കുന്ന ലോഞ്ച് പാഡ് നാല് വർഷത്തിനുള്ളില്‍ പൂർത്തിയാക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന സ്ഥലമാണ് വിക്ഷേപണത്തറ.
അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങളുടെ ഭാരം താങ്ങാൻ ശേഷിയുള്ളതാകും മൂന്നാം വിക്ഷേപണത്തറ. ബഹിരാകാശത്ത് 2035-ഓടെ ഭാരതീയ അന്തരീക്ഷസ്റ്റേഷൻ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന് വേഗം കൂട്ടാനും ഇതുപകരിക്കും.
2040-ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു.
അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങളുടേയും സെമി ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മാർക്ക്-3യുടേയും വിക്ഷേപണത്തെ മെച്ചപ്പെട്ടതാക്കാൻ ശേഷിയുള്ളതായിരിക്കും മൂന്നാം ലോഞ്ച് പാഡിന്റെ രൂപകല്പന.
രണ്ടാം വിക്ഷേപണത്തറയ്ക്ക് പകരമായും ഇതിനെ ഉപയോഗിക്കും. അടുത്ത 25 മുതല്‍ 30 വർഷം വരെ മുന്നില്‍ക്കണ്ടുള്ളതാകും രൂപകല്പന. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. വി. നാരായണനും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ശാസ്ത്ര, സാങ്കേതിക, ബഹിരാകാശ മേഖലകളിലെ വികസനത്തിനായി 68,405 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.