
ന്യൂഡല്‍ഹി: വണ്‍വെബ് വികസിപ്പിച്ച 36 ബ്രോഡ്ബാന്‍ഡ് ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലേയ്ക്ക് വിജയകരമായി വിക്ഷേപിച്ചിരിക്കയാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്റോ). ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-III എന്ന റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. ജിയോസിന്‍ക്രണസ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി എംകെ-III) പുനര്‍രൂപകല്‍പന ചെയതതാണ് എല്‍വിഎം-3.
ഈ ലോഞ്ച് വെഹിക്കിളുപയോഗിച്ചുള്ള ആദ്യ വിക്ഷേപണമാണ് ഞായറാഴ്ച നടന്നത്. എല്‍വിഎം3-എം2/വണ്‍വെബ് ഇന്ത്യ-1 ദൗത്യം 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച കാര്യം ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു.
ജിയോസിന്‍ക്രണസ് ഭ്രമണപഥം ഭൂമിയുടെ മധ്യരേഖയില്‍ നിന്ന് 35,786 കിലോമീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം വണ്‍വെബ് ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (എല്‍ഇഒ-1200 കിലോമീറ്റര്‍)ഉയരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ കാരണംകൊണ്ടാണ് ലോഞ്ച് വെഹിക്കിള്‍ ജിഎസ്എല്‍വിയില്‍ നിന്ന് എല്‍വിഎമ്മിലേക്ക് മാറ്റിയത്.
വാണിജ്യ സാധ്യതകള്‍
വണ്‍ വെബ്
വണ്‍ വെബ് എന്നത് യു.കെ ആസ്ഥാനമായുള്ള കമ്പനിയാണ്. ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന ആഗോള ആശയവിനിമയ ശൃംഖലയാണ് വണ്‍വെബ് സജ്ജീകരിക്കുന്നത്. സര്‍ക്കാറുകള്‍ക്കും ബിസിനസുകള്‍ക്കും കേബിളുകളിലൂടെയല്ലാതെ ഇന്റര്‍നെറ്റ് കണക്ട് വിറ്റി പ്രാപ്തമാക്കുന്നു. ഇതുവഴി വിദൂരവും ദുര്‍ഘടവുമായ പ്രദേശങ്ങളില്‍ ഇവര്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നു. പൊതുമേഖല സ്ഥാപനമായ ന്യൂസ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപനമാണ് വണ്‍വെബ്. എന്‍എസ്‌ഐഎല്ലും വണ്‍വെബും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് വിക്ഷേപണം ഐസ്ആര്‍ഒയ്ക്ക് ലഭ്യമായത്.
ഐഎസ്ആര്‍ഒ
എല്‍വിഎം -3 വഴി ലോ ഓര്‍ബിറ്റിലേയ്ക്ക് വിജയകരമായ പ്രക്ഷേപണം സാധ്യമായതോടെ വന്‍ സാധ്യതയാണ് ഐഎസ്ആര്‍ഒയ്ക്ക് മുന്‍പില്‍ തുറക്കപ്പെട്ടിരിക്കുന്നത്. ഇനിയും ഇത്തരത്തില്‍ ആറ് ലോഞ്ചുകള്‍ കൂടി വണ്‍വെബിന്റേതായിട്ടുണ്ട്. മൊത്തം 468 സാറ്റ്‌ലൈറ്റുകളാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ് ലക്ഷ്യമാക്കി വിക്ഷേപിക്കേണ്ടത്.
ഇതിനായി 1000 കോടി രൂപയുടെ കരാര്‍ ഐഎസ്ആര്‍ഒയുമായി വണ്‍വെബ് ഒപ്പിട്ടു കഴിഞ്ഞു. മാത്രമല്ല വണ്‍വെബ് പേലോഡുമായി ഒരു ജിഎസ്എല്‍വിയും ജനുവരി 2023 ല്‍ പറന്നുയരും. വണ്‍വെബിന്റെ 36 സാറ്റ്‌ലൈറ്റുകളുമായുള്ള എല്‍വിഎം ലോഞ്ച് അടുത്തവര്‍ഷം ആദ്യ പകുതിയില്‍ നടക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറയുന്നു.
എന്‍എസ്‌ഐല്ലിന്റെ കീഴിലുള്ള ലോഞ്ചുകള്‍ നടത്താന്‍ എല്‍വിഎമ്മിന് സാധിക്കുമെന്നും അതുകൊണ്ടുതന്നെ വലിയ സാധ്യതയാണ് ഐഎസ്ആര്‍ഒയ്ക്ക് മുന്‍പില്‍ തുറക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.