
ബെംഗളൂരു: സാമ്പത്തിക മാന്ദ്യ ഭീതിക്കിടയിലും ഇന്ത്യന്‍ ഐടി കമ്പനികള്‍ പുതിയ ഓര്‍ഡറുകള്‍ നേടി.എച്ച്‌സിഎല്‍ വെറിസോണ്‍ ബിസിനസില്‍ നിന്നു 2.1 ബില്യണ്‍ ഡോളര്‍ കരാര്‍ നേടിയപ്പോള്‍ ഇന്‍ഫോസിസ് നടപ്പ് പാദത്തില്‍ രണ്ട് വലിയ കരാറുകളാണ് സ്വന്തമാക്കിയത്. ബ്രോഡ്ബാന്‍ഡ്, കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ലിബര്‍ട്ടി ഗ്ലോബലില്‍ നിന്നുള്ള 1.64 ബില്യണ്‍ ഡോളര്‍ കരാറും നിലവിലുള്ള ഒരു ക്ലയന്റുമായി 2 ബില്യണ്‍ ഡോളര്‍ കരാറും.
വെറിസോണുമായുള്ള കരാര്‍ വരുന്ന ആറ് വര്‍ഷത്തേയ്ക്ക് എച്ച്‌സിഎല്ലിന്റെ വരുമാനം വര്‍ദ്ധിപ്പിക്കും. അതേസമയം ലിബര്‍ട്ടി ഗ്ലോബലില്‍ നിന്നുള്ള കരാര്‍ വഴി ആദ്യ 5 വര്‍ഷത്തില്‍ 1.64 ബില്യണ്‍ ഡോളറും 8 വര്‍ഷത്തേക്ക് പുതുക്കിയാല്‍ 2.5 ബില്യണ്‍ ഡോളറും ഇന്‍ഫോസിസിനെ തേടിയെത്തും. മറ്റ് ക്ലയിന്റുമായുള്ള ഇന്‍ഫോസിസ് കരാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) , ഓട്ടോമേഷന്‍ വികസനം, നവീകരണം, പരിപാലന സേവനങ്ങള്‍ നല്‍കാനുള്ളതാണ്.
ഇത് അടുത്ത അഞ്ച് വര്‍ഷത്തേക്കാണ്. ഇവയെ കൂടാതെ ടിസിഎസ് യുകെ നെസ്റ്റില്‍ നിന്നും 1.1 ബില്യണ്‍ ഡോളറിന്റെയും കോഗ്നിസന്റ് യുകെ ഡെഫ്രയില്‍ നിന്ന് 92 ദശലക്ഷം ഡോളറിന്റെയും കരാര്‍ നേടി. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഐടി റിക്രൂട്ട്മെന്റ് 30% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മേഖലയിലെ പ്രതിമാസ തൊഴില്‍ വളര്‍ച്ച 10% ആണ്, അത് വരും നാളുകളില്‍ ക്രമേണ വര്‍ദ്ധിച്ചേയ്ക്കും.