കൊച്ചി: 2019 മുതൽ ലോകമാകെ ആഞ്ഞടിച്ച കൊവിഡ് മഹാമാരി ഒട്ടുമിക്ക മേഖലകളെയും ബാധിച്ചെങ്കിലും ഐ.ടി രംഗത്തിന് നൽകിയത് വളർച്ചയ്ക്കുള്ള പുതിയ അവസരം.
കേരളത്തിലെയും ചെറുകിട, ഇടത്തരം ഐ.ടി കമ്പനികൾ കാഴ്‌ചവയ്ക്കുന്നത് അതിവേഗക്കുതിപ്പാണ്. ബിസിനസ് മേഖലയിലെ ഡിജിറ്റൽ പരിവർത്തനം അവസരമാക്കിയാണ് ഇവയുടെ പ്രവർത്തനം. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ നിരവധി പുതിയ കമ്പനികളും രംഗത്തുവന്നു.
ലോക്ക്ഡൗണിൽ ജനകീയമായ ഡിജിറ്റൽ സേവനങ്ങളാണ് ഐ.ടിക്ക് കരുത്തായത്. ഹോം ഡെലിവറി പോലുള്ള സംവിധാനങ്ങളിലേക്ക് ബിസിനസ് സ്ഥാപനങ്ങൾ കടന്നതും നേട്ടമായി.
കൊച്ചി ഇൻഫോപാർക്കിൽ 2021 മാർച്ചിൽ 401 കമ്പനികളും 51,000 ജീവനക്കാരുമാണുണ്ടായിരുന്നത്. 2022 മേയിൽ കമ്പനികൾ 541 ആയും ജീവനക്കാർ 62,500 ആയും ഉയർന്നു. 14 മാസത്തിനിടെ നേടിയത് 22 ശതമാനം വളർച്ച. ചെറുകിട, ഇടത്തരം കമ്പനികളാണ് വൻവളർച്ച നേടിയതെന്ന് കേരള ഐ.ടി പാർക്ക്സ് സി.ഇ.ഒ ജോൺ എം.തോമസ് പറഞ്ഞു.
ബിസിനസ് രംഗത്ത് കൊവിഡ് ഉണ്ടാക്കിയ മാറ്റമാണ് ഐ.ടി കമ്പനികളെ സഹായിച്ചത്. വൻകിടക്കാർ മുതൽ ചെറുകിട വ്യാപാരികൾ വരെ ഇ-കൊമേഴ്‌സിലേക്ക് തിരിഞ്ഞു. സേവനങ്ങൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ കൂടുതലായി വിനിയോഗിച്ചു.
ഇടപാടുകാരുടെ വിവരങ്ങൾ, വാങ്ങൽരീതി, വിപണിയിലെ പ്രവണതകൾ എന്നിവയ്ക്കനുസരിച്ച് ഡിജിറ്റൽ പരിവർത്തനം (ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ) സ്വീകരിച്ച് ചെറുകിട, ഇടത്തരം ഐ.ടി കമ്പനികൾ വളർന്നു.
ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവയിലെ കമ്പനികളാണ് വളർച്ച കൈവരിച്ചത്.