
അമേരിക്കൻ സമ്പദ് വ്യവസ്ഥ മാന്ദ്യഭീഷണിയിലാണെന്ന റിപ്പോർട്ട് ഇന്ത്യയിലെയും ഓഹരി നിക്ഷേപകരെ ആശങ്കയിലാക്കുന്നതാണ്. തുടർച്ചയായ അഞ്ചാം മാസവും ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യൻ സൂചികകൾ വൈകാതെ തിരിച്ചുകയറും എന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുന്നതാണ് സാമ്പത്തികരംഗത്തെ ആഗോള വാർത്തകൾ.
2008ലെ മാന്ദ്യകാലത്തിന് തൊട്ടുമുമ്പുള്ള സാഹചര്യത്തിന് സമാനമായ പല ലക്ഷണങ്ങളും കാണുന്നു. മാന്ദ്യത്തിലേക്കും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും വീഴാതിരിക്കാൻ രാജ്യങ്ങളും സാമ്പത്തിക വിദഗ്ധരും ജാഗ്രതയോടെ അത്യധ്വാനം ചെയ്യേണ്ടിവരുന്നു. മാസങ്ങളായി ഈ പരിശ്രമം ബന്ധപ്പെട്ടവർ നടത്തുന്നുണ്ടെങ്കിലും എന്തുചെയ്തിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
പലിശനിരക്ക് കുറച്ചിട്ടും പണപ്പെരുപ്പം കുറഞ്ഞില്ല, മാതൃവിപണിയായി കരുതുന്ന അമേരിക്കയിലെ തളർച്ച ഇന്ത്യയിലെ ഉൾപ്പെടെ ലോകത്തെ വിവിധ സമ്പദ് വ്യവസ്ഥയിൽ സ്വാധീനം ചെലുത്തും.
താരിഫ് യുദ്ധവുമായി മുന്നോട്ടുപോകാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. മുന്നും പിന്നും നോക്കാതെയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾ ഏറെക്കാലം അതുപോലെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
ഇന്ത്യയിലും ജി.ഡി.പി വളർച്ച നിരക്ക് ആശാവഹമല്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂട്ടവിൽപന അവസാനിപ്പിക്കുകയോ വിൽപന തോത് ഗണ്യമായി കുറക്കുകയോ ചെയ്യാതെ വിപണിയിൽ തിരിച്ചുവരവ് സാധ്യമാകില്ല.
കഴിഞ്ഞ രണ്ടുവർഷങ്ങളിലെ കുതിപ്പിൽ ഉയർന്ന മൂല്യത്തിലെത്തിയതും മറ്റു വിദേശരാജ്യങ്ങളിൽ നല്ല അവസരം കാണുന്നതാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണം.
ആ കാരണങ്ങൾ ഒരു പരിധിവരെ ഇപ്പോഴും ബാധകമായതിനാൽ മാർച്ചിൽ വമ്പൻ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ഓവർ സോൾഡ് മേഖലയിൽനിന്ന് ഏതാനും ദിവസം ചെറിയ തിരിച്ചുവരവ് നടത്തിയേക്കാമെങ്കിലും അതിന് സ്ഥിരതയുണ്ടാകില്ല.
പോർട്ട് ഫോളിയോ കുത്തനെ ഇടിഞ്ഞ് ഭീതിയിലായ സാധാരണ നിക്ഷേപകരിൽ വലിയൊരു വിഭാഗം മനം മടുത്ത് എല്ലാം നഷ്ടത്തിൽ വിറ്റൊഴിഞ്ഞ് പോകുന്നു. ഇത് വിപണിയെ പിന്നെയും തളർത്തുന്നു.