ന്യൂഡൽഹി: വിശ്വാസലംഘനം ആരോപിച്ച് ഗൂഗിളിനെതിരേ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രം. ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ, തങ്ങളുടെ വിപണി ദുരുപയോഗം ചെയ്തതിനും മത്സരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കുറ്റക്കാരാണെന്ന് സർക്കാരിന്റെ വിദഗ്ധസമിതി കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ഗൂഗിളിന് കഴിഞ്ഞ വർഷം 27.5 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു.
ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഗൂഗിളിനെതിരേ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്ത് നടപടിയാണെടുക്കാൻ പോകുന്നതെന്ന് വരും ആഴ്ചകളിൽ വ്യക്തമാക്കും.
ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് മന്ത്രി ഓർമിപ്പിച്ചു. ഉപേയോക്താവിന്റെ അവകാശത്തെയോ സൗഹൃദപരമായ മത്സരാന്തരീക്ഷത്തെയോ ഇല്ലാതാക്കുന്നതരത്തിലുള്ള വളർച്ചയല്ല സർക്കാരിന്റെ ലക്ഷ്യം.
ഗൂഗിൾ അടക്കമുള്ള കമ്പനികൾ തങ്ങളുടെ വിപണി മേധാവിത്വം ദുരുപയോഗംചെയ്യുന്നതിൽനിന്ന് തടയാൻ എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
62 കോടി സ്മാർട്ട്‌ഫോണുകളുള്ള ഇന്ത്യയിലെ 97 ശതമാനവും ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്നവയാണ്.
ആപ്പിൾ, ആമസോൺ തുടങ്ങിയ മറ്റ് കമ്പനികളും രാജ്യത്ത് മത്സരവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേസുകൾ നേരിടുന്നുണ്ട്.
ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‍വ്യവസ്ഥ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ചന്ദ്രശേഖർ പറഞ്ഞു.