മുംബൈ: വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ ഐടി മേഖലയുടെ സ്വീകാര്യത വര്‍ധിച്ചുവരുന്നു. കമ്പനികളുടെ ത്രൈമാസ ഫലങ്ങള്‍ പൊതുവെ നിരാശാജനകമാകുകയും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐടി മേഖല ആകര്‍ഷകമാകുന്നത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ഐടി മേഖലയുടെ ബിസിനസ് മെച്ചപ്പെടുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. യുഎസ് കമ്പനികളില്‍ നിന്നും വലിയ കരാറുകള്‍ ഇന്ത്യയിലെ ഐടി കമ്പനികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.
യുഎസിലെ കോര്‍പ്പറേറ്റ് നികുതി കുറയ്‌ക്കുന്നത് കമ്പനികളുടെ കൈവശം കൂടുതല്‍ പണം കൈവരുന്നതിനും അത് സാങ്കേതിക വിദ്യ പോലുള്ള ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിനും കളമൊരുക്കും.
അത്തരമൊരു സാഹചര്യമുണ്ടായാല്‍ അതിന്റെ പ്രധാന ഗുണഭോക്താക്കളായിരിക്കും ഇന്ത്യയിലെ ഐടി കമ്പനികള്‍. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുന്നത് അവസാനിപ്പിച്ചതും പണപ്പെരുപ്പം കുറഞ്ഞതും ഐടി മേഖലയ്‌ക്ക് അനുകൂലമായ ഘടകങ്ങളാണ്.
പലിശനിരക്ക് കുറയുമ്പോള്‍ യുഎസ് കമ്പനികളുടെ സാങ്കേതികവിദ്യയ്‌ക്കു വേണ്ടി കൂടുതല്‍ തുക വകയിരുത്തുമെന്നും അത് ഐടി മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപ് കൊണ്ടുവരാവുന്ന നയമാറ്റങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന `ട്രംപ് ട്രേഡി’ല്‍ ഇന്ത്യന്‍ ഐടി ഓഹരികള്‍ക്കും സ്ഥാനമുണ്ട്.
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതോടെ ഡോളര്‍ ശക്തിയാര്‍ജിക്കുമെന്ന പ്രതീക്ഷയും അനുകൂല ഘടകമാണ്. കയറ്റുമതിയെ പ്രധാനമായും ആശ്രയിക്കുന്ന ഐടി കമ്പനികള്‍ക്ക് ഡോളറിന്റെ മൂല്യവര്‍ധന ഗുണകരമാകും.