ന്യൂഡല്‍ഹി: ഐടി (വിവരസാങ്കേതിക വിദ്യ) കമ്പനികളുടെ വരുമാനം ചരിത്രപരമായ തിരിച്ചടി നേരിടുകയാണ്. ആഗോള സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണം. ഇത് ഓഹരികളിലും പ്രതിഫലിക്കുന്നു.
വന്‍കിട ഐടി കമ്പനികളുടെ ഓഹരികള്‍ ആഭ്യന്തര വിപണിയില്‍ ഇടിവ് നേരിടുകയാണ്. എന്നാല്‍ ഇതൊന്നും നിക്ഷേപ സ്ഥാപനങ്ങളെ ഐടി ഓഹരികള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍, ഐടി ഓഹരികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്),ഇന്‍ഫോസിസ് ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ലിമിറ്റഡ്, ടെക് മഹീന്ദ്ര ലിമിറ്റഡ് (ടെക്എം) എന്നിവയിലെ നിക്ഷേപം ഉയര്‍ത്തി.
ടിസിഎസിലെ തങ്ങളുടെ നിക്ഷേപം തുടര്‍ച്ചയായ ആറാം പാദത്തിലാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇന്‍ഫോസിസില്‍, ഇന്‍ഷുറന്‍സ് കമ്പനികളുടെ നിക്ഷേപം ജൂണ്‍ പാദത്തില്‍ റെക്കോര്‍ഡ് ഉയരമായ 13.64 ശതമാനത്തിലെത്തി. തുടര്‍ച്ചയായ ഏഴാം പാദമാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഐടി ഭീമനില്‍ ഹോള്‍ഡിംഗ് വര്‍ദ്ധിപ്പിക്കുന്നത്.
എയ്‌സ് ഇക്വിറ്റി ഡാറ്റയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എച്ച്‌സിഎല്‍ ടെക്കിന്റെ കാര്യവും സമാനമാണ്.ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടര്‍ച്ചയായ 10 പാദങ്ങളിലും എച്ച്‌സിഎല്‍ ഓഹരികള്‍ വാങ്ങി.
ജൂണ്‍ പാദത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ എച്ച്‌സിഎല്ലിലെ ഹോള്‍ഡിംഗ് 6.53 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. വിപ്രോയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി പങ്കാളിത്തം 5.01 ശതമാനവും ടെക്എമ്മിലേത് 12.55 ശതമാനവുമാണ്.
ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ കാര്യത്തില്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടര്‍ച്ചയായ ആറാം പാദത്തിലും കമ്പനി ഓഹരിയില്‍ നിക്ഷേപം ഉയര്‍ത്തി. മാര്‍ച്ചില്‍ 5.57 ശതമാനവും 2022 ഡിസംബറില്‍ 5.44 ശതമാനവും 2022 സെപ്റ്റംബറില്‍ 5.13 ശതമാനവും 2022 ജൂണില്‍ 4.88 ശതമാനവും 2022 മാര്‍ച്ചില്‍ 4.48 ശതമാനവും 2021 ഡിസംബറില്‍ 4.46 ശതമാനവുമായിരുന്നു ടിസിഎസിലെ ഹോള്‍ഡിംഗ്. നിലവിലത് 5.74 ശതമാനമാണ്.