മുംബൈ: ഡി2സി ബേബി കെയർ ബ്രാൻഡായ മദർ സ്പർശിൽ 13.50 കോടി രൂപ കൂടി നിക്ഷേപിച്ച് ഐടിസി ലിമിറ്റഡ്. ബ്രാൻഡ് നിലവിൽ സീരീസ് ബി ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി 90-100 കോടി രൂപ സമാഹരിക്കുന്നതിന് മറ്റ് നിക്ഷേപകരുമായി വിപുലമായ ചർച്ചകൾ നടത്തിവരികയാണ്.
സീരീസ് ബി ഫണ്ടിംഗിന്റെ ഭാഗമായി ആണ് ഐടിസി കമ്പനിയിൽ 13.5 കോടി രൂപ നിക്ഷേപിച്ചതെന്ന് ഡയറക്‌ട്-ടു-കൺസ്യൂമർ (ഡി2സി) ബ്രാൻഡ് ബുധനാഴ്ച പറഞ്ഞു. അതേസമയം നിർദിഷ്ട ഇടപാടിന് ശേഷം മദർ സ്പർഷിലെ ഓഹരി പങ്കാളിത്തം നിലവിലുള്ള 16 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഉയരുമെന്ന് ഐടിസി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
നിക്ഷേപത്തിലൂടെ മദർ സ്പർഷിന്റെ 1,000 മുൻഗണനാ ഓഹരികളാണ് ഐടിസി സ്വന്തമാക്കിയത്. ഡി2സി വിഭാഗത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കുമെന്ന് ഐടിസി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിൽ മദർ സ്പർഷ് ഐടിസിയിൽ നിന്ന് ഫണ്ടിംഗ് സമാഹരിച്ചിരുന്നു.
2016 ഫെബ്രുവരിയിൽ സ്ഥാപിതമായ മദർ സ്പർഷ് 2022 സാമ്പത്തിക വർഷത്തിൽ 33.53 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.