കൊളംബോ: ശ്രീലങ്കയിലെ ഏറ്റവും വലുതും ഐടിസി കമ്പനി ഇന്ത്യയ്ക്കു പുറത്തു നിർമിക്കുന്ന ആദ്യത്തേതുമായ ഹോട്ടലിന്റെ ഉദ്ഘാടനം ശ്രീലങ്ക പ്രസിഡന്റ് റനിൽ വിക്രമസിംഗെ നിർവഹിച്ചു.
തലസ്ഥാന നഗരമായ കൊളംബോയുടെ ഹൃദയഭാഗത്ത് 4,200 ഏക്കറിലാണ് ‘ഐടിസി രത്നദീപ’ പ്രവർത്തനമാരംഭിച്ചത്. 352 മുറികളും 9 ഭക്ഷണശാലകളുമുണ്ട്. ആഡംബര ഫ്ലാറ്റ് സമുച്ചയമടങ്ങുന്ന ഒരു ടവറും ഇതോടൊപ്പം പ്രവർത്തിക്കുന്നു.
ഹോട്ടലിനോടു ചേർന്ന് ഹെലിപ്പാഡും രാജ്യത്തെ ആദ്യത്തെ സ്കൈ ബ്രിജും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണത്തിന്റെ ആദ്യപടിയായി പുതിയ സംരംഭത്തെ വിശേഷിപ്പിച്ച റനിൽ വിക്രമസിംഗെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ ഒപ്പുവച്ച കരാറിന്റെ ഫലമാണിതെന്നും പറഞ്ഞു.
ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെ, മുൻ പ്രസിഡന്റുമാരായ ചന്ദ്രിക കുമാരതുംഗെ, ഗോട്ടബയ രാജപക്‌സെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുകയില വ്യവസായത്തിൽ തുടങ്ങിയ ഐടിസി ഇപ്പോൾ ഭക്ഷ്യ ഉൽപന്നങ്ങൾ മുതൽ ചർമസംരക്ഷണം വരെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്നു.
ഡൽഹിയിലെ ഐടിസി മൗര്യ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹോട്ടലായ ചെന്നൈയിലെ ഗ്രാൻഡ് ചോള എന്നിവ ഇവരുടെ ഉടമസ്ഥതയിലുള്ളവയാണ്.