ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,013.49 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ ഐടിസിയുടെ അറ്റാദായം 38.35 ശതമാനം ഉയർന്ന് 4,169.38 കോടി രൂപയായി വർധിച്ചു. വിശകലന വിദഗ്‌ധരുടെ പ്രതീക്ഷകളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. സമാനമായി ഒന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 41.36 ശതമാനം ഉയർന്ന് 18,320.16 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ വരുമാനം 12,959.15 കോടി രൂപയായിരുന്നു.
ഈ പാദത്തിലെ ഇബിഐടിഡിഎ 5,646.10 കോടി രൂപയായിരുന്നപ്പോൾ, ഇബിഐടിഡിഎ മാർജിൻ 32.7 ശതമാനമാണ്. അതേസമയം അവലോകന പാദത്തിൽ സിഗരറ്റ് വരുമാനം 29 ശതമാനം ഉയർന്ന് 6,608 കോടി രൂപയായി. സെഗ്‌മെന്റുകളിൽ എഫ്എംസിജി വരുമാനം 4,451 കോടി രൂപയായി ഉയർന്നപ്പോൾ, ഹോട്ടലുകളുടെ വരുമാനം 554 കോടി രൂപയായി വർധിച്ചു. ഒന്നാം പാദത്തിലെ ഐടിസിയുടെ പേപ്പർ സെഗ്‌മെന്റ് വരുമാനം 2,267 കോടി രൂപയാണ്.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് ഐടിസി ലിമിറ്റഡ്. സിഗരറ്റ്, എഫ്എംസിജി, ഹോട്ടലുകൾ, സോഫ്‌റ്റ്‌വെയർ, പാക്കേജിംഗ്, പേപ്പർബോർഡുകൾ, സ്‌പെഷ്യാലിറ്റി പേപ്പറുകൾ, അഗ്രിബിസിനസ് തുടങ്ങിയ വ്യവസായങ്ങളിൽ ഐടിസിക്ക് വൈവിധ്യമാർന്ന സാന്നിധ്യമുണ്ട്. 5 സെഗ്‌മെന്റുകളിലായി 13 ബിസിനസ്സുകളാണ് കമ്പനിക്കുള്ളത്. ഈ മികച്ച ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 1.38 ശതമാനത്തിന്റെ നേട്ടത്തിൽ 311.80 രൂപയിലെത്തി.